ദുബായ് : യു.എ.ഇ.യിലേക്കും തിരിച്ചും യാത്രചെയ്യുന്നവർ അജ്ഞാതരിൽനിന്ന്‌്‌ ബാഗുകളോ മറ്റ് വസ്തുക്കളോ സ്വീകരിക്കരുതെന്ന് ഫെഡറൽ കസ്റ്റംസ് അതോറിറ്റി (എഫ്.സി.എ.) നിർദേശം. ബാഗുകളിൽ എന്താണെന്ന് അറിയാതെ പലരും അബദ്ധത്തിൽപ്പെടാൻ സാധ്യതയുണ്ട്. കൃത്യമായ വിവരങ്ങളറിയാതെ അവ കൈമാറരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളിലേതുപോലെ യു.എ.ഇ.യിലേക്ക് യാത്രചെയ്യുമ്പോൾ കൈയിൽ കരുതാൻപാടില്ലാത്ത വസ്തുക്കളെക്കുറിച്ച് കസ്റ്റംസ് അധികൃതർ നിരന്തരം ഓർമിപ്പിക്കുന്നുണ്ട്.

മയക്കുമരുന്നുകൾ, ചൂതാട്ടത്തിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും നൈലോൺ കൊണ്ടുള്ള മീൻവല, പന്നിവർഗത്തിൽപ്പെട്ട മൃഗങ്ങൾ, ആനക്കൊമ്പ്, ചുവന്ന ലൈറ്റുള്ള ലേസർപെൻ, വ്യാജകറൻസികൾ, ആണവ വികിരണമേറ്റ വസ്തുക്കൾ, മതനിന്ദയുള്ളതോ അശ്ലീലം ഉൾക്കൊള്ളുന്നതോ ആയ പുസ്തകങ്ങളും ചിത്രങ്ങളും, കൽപ്രതിമകൾ, വെറ്റില ഉൾപ്പെടെയുള്ള മുറുക്കാൻ വസ്തുക്കൾ എന്നിവ നിരോധിതവസ്തുക്കളുടെ പട്ടികയിലുണ്ട്.

അതേസമയം, ജീവനുള്ള മൃഗങ്ങൾ, സസ്യങ്ങൾ, വളം, കീടനാശിനി, ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ, പടക്കം, മരുന്ന്, വൈദ്യഉപകരണങ്ങൾ, പ്രസിദ്ധീകരണങ്ങൾ, പുതിയ വാഹനത്തിന്റെ ടയറുകൾ, വയർലസ് ഉപകരണങ്ങൾ, മദ്യം, സൗന്ദര്യവർധകവസ്തുക്കൾ, ആരോഗ്യസംരക്ഷണ ഉത്‌പന്നങ്ങൾ, അസംസ്കൃത രത്നം, പുകയില ഉത്‌പന്നങ്ങൾ തുടങ്ങിയവ അധികൃതരുടെ അനുമതിയോടു കൂടിമാത്രം കൊണ്ടുവരാനാവും. എന്നാൽ ഇതിനായി ഓരോ വസ്തുക്കളുമായും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ മുൻകൂർ അനുമതി ആവശ്യമാണ്. അനധികൃത വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരുന്നവർക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കും.