അബുദാബി : ഓൺലൈൻ തട്ടിപ്പ് നടത്തുന്നവർക്ക് 10 ലക്ഷം ദിർഹംവരെ പിഴ ചുമത്തുമെന്ന് യു. എ.ഇ. പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്.

ഓൺലൈൻ തട്ടിപ്പുകളും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മറ്റുള്ളവരിൽനിന്ന് പണം അപഹരണംചെയ്യുന്നതും മറ്റുള്ളവരെ ചൂഷണംചെയ്യുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്.

ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നത് ലക്ഷ്യമിട്ടുള്ള യു.എ.ഇ. ഫെഡറൽ നിയമപ്രകാരം, സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മറ്റുള്ളവരുടെ സ്വകാര്യസ്വത്ത് അപഹരിക്കുക, അവരുടെ ആധാരങ്ങൾ കൈക്കലാക്കുക മുതലായ പ്രവർത്തനങ്ങൾ സ്വന്തം കാര്യത്തിനോ, മറ്റുള്ളവർക്ക് വേണ്ടിയോ, നിയമപരമല്ലാതെ ചെയ്യുന്നത് കുറ്റകൃത്യമായി കണക്കാക്കുന്നതാണ്.

ഇത്തരം തട്ടിപ്പ് പ്രവർത്തനങ്ങൾക്കായി കംപ്യൂട്ടറുകൾ, കംപ്യൂട്ടർ ശൃംഖലകൾ, ഇലക്‌ട്രോണിക് ഇൻഫൊർമേഷൻ സംവിധാനങ്ങൾ, മറ്റു സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിക്കുന്നതും ഇതേനിയമത്തിനുകീഴിൽ വരുന്നതാണ്. ഇത്തരം വ്യാജപ്രവർത്തനങ്ങൾക്ക് ചുരുങ്ങിയത് ഒരുവർഷം തടവും രണ്ടരലക്ഷം മുതൽ പത്തുലക്ഷം ദിർഹംവരെ പിഴയും ശിക്ഷയായി ലഭിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.