മനാമ : കോവിഡിനെതിരായ പ്രതിരോധനടപടികൾ ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയം ശക്തമാക്കി. പരമാവധി വീടുകളിൽ തന്നെ തുടരാനും മുഖാവരണം നിർബന്ധമാക്കാനും സാമൂഹിക അകലം പാലിക്കാനും അധികൃതർ നിർദേശിച്ചു. നിയമലംഘനങ്ങൾ പിടികൂടാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ വിവിധ ഡയറക്ടറേറ്റുകൾ നിയമനിർവഹണ കാമ്പയിനുകൾ തുടരുന്നുണ്ട്. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് മൊത്തം 8,786 നടപടിക്രമങ്ങൾ സ്വീകരിച്ചു. പൊതു സ്ഥലങ്ങളിൽ മുഖാവരണം ധരിക്കാത്ത 66,714 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. 7,816 ബോധവത്‌കരണ പ്രവർത്തനങ്ങളും നടത്തി. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് സർക്കാർ കെട്ടിടങ്ങളിലും റോഡുകളിലുമായി 2,31,012 അണുവിമുക്തമാക്കൽ പ്രവർത്തനങ്ങൾ നടത്തി. ഇതിനായി സ്വകാര്യ മേഖലയിലെ 1,180 പേർക്കും പൊതുമേഖലയിൽ 1,051 പേർക്കും പരിശീലനം നൽകുകയുംചെയ്തു. പള്ളികൾ അണുവിമുക്തമാക്കാൻ 1230 സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നൽകി.