ഷാർജ : കഴിഞ്ഞവർഷം ഷാർജയിലെ പള്ളികളുടെ എണ്ണം 2813 ആയി ഉയർന്നതായി ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അറിയിച്ചു.

ഇവയിൽ സർക്കാർ നടത്തുന്നത് 1,262 പള്ളികളും സ്വകാര്യമായി നടത്തുന്നവയുടെ എണ്ണം 1,551 ആണ്. 2018-നെക്കാൾ 27 ശതമാനമാണ് വർധന. സർക്കാർ നടത്തുന്ന പള്ളികളുടെ എണ്ണത്തിലാണ് വലിയ വർധന. 2018-ൽ 2223 പള്ളികളായിരുന്നു ആകെ രജിസ്റ്റർ ചെയ്തിരുന്നത്. ഇവയിൽ 880 സർക്കാർപള്ളികളും 1343 സ്വകാര്യപള്ളികളും ഉൾപ്പെടും. 2020-ൽ 2119 പള്ളികളാണ് ഷാർജ നഗരത്തിൽ മാത്രം രജിസ്റ്റർ ചെയ്തിരുന്നതെന്ന് വകുപ്പ് അറിയിച്ചു. 2018-ൽ ഇത് 1705 ആയിരുന്നു. എമിറേറ്റിന്റെ മധ്യമേഖലയിൽ ഇപ്പോൾ 446 പള്ളികളുണ്ട്. നേരത്തെ ഇത് 292 ആയിരുന്നു. കിഴക്കൻ മേഖലയിൽ 248-ഉം ആണ്. നേരത്തെ ഇത് 226 ആയിരുന്നു. 2020-ൽ 500 വിശ്വാസികളെവീതം ഉൾക്കൊള്ളാനാവുന്ന പള്ളികളുടെ എണ്ണം 2452 ആയി ഉയർന്നപ്പോൾ 500-നും 999-നുമിടയിൽ ശേഷിയുള്ള പള്ളികളുടെ എണ്ണം 153 ആയിരുന്നു. 108 പള്ളികൾക്ക് 1000 മുതൽ 5000 വരെ ശേഷിയുണ്ട്. 5000 വിശ്വാസികളെവരെ ഉൾക്കൊള്ളാനാവുന്ന 10 പള്ളികളും ഷാർജയിൽ നിലവിലുണ്ട്.