ഷാർജ : കേരളത്തിൽ തുടർഭരണം ലഭിച്ച ഇടതുമുന്നണിയുടെ സന്തോഷം കടലിനിക്കരെയും പ്രതിഫലിച്ചു.

യു.എ.ഇ.യിലും വിജയാഘോഷത്തിൽ താരം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരുന്നു. ചുവപ്പുനിറമുള്ള കേക്ക്, ജിലേബി, പായസം എന്നിവയെല്ലാമായിരുന്നു ആഘോഷങ്ങളിലെ വിഭവങ്ങൾ.

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇടതുമുന്നണിയുടെ പ്രവാസി സംഘടനകൾ വിജയം ആഘോഷിച്ചു.

യുവകലാസാഹിതി, ഐ.എൻ.എൽ. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.

ഇടതുസ്നേഹികളുടെ താമസയിടം, കട എന്നിവിടങ്ങളിലും വിജയത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് വിതരണംചെയ്തു. ഇടതുമുന്നണിയുടെ വലിയ വിജയത്തിൽ എൻ.സി.പി. ഓവർസീസ് സെല്ലിന്റെ ദേശീയ അധ്യക്ഷനോടൊപ്പം യു.എ. ഇ. ചാപ്റ്റർ ഭാരവാഹികൾ കേക്ക് മുറിച്ച് ആഹ്ളാദിച്ചു.

വിജയിച്ച എൻ.സി.പി. പ്രതിനിധികളായ തോമസ് കെ. തോമസ്, എ.കെ. ശശീന്ദ്രൻ എന്നിവരെ ഓവർസീസ് സെൽ അഭിനന്ദിച്ചു. ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസിസ്, യു.എ.ഇ. ഭാരവാഹികളായ രവി കൊമ്മേരി, സിദ്ധിഖ്, അഡ്വ. ബാബു ലത്തീഫ്, കൃഷ്ണൻ ഗുരുവായൂർ, തോമസ് മുണ്ടൻപിള്ളി തുടങ്ങിയവർ പങ്കെടുത്തു.

യു.ഡി.എഫിനുവേണ്ടി സൈബർ പ്രചാരണം നടത്തിയ കോൺഗ്രസ് അനുകൂലികളും വിജയാഘോഷത്തിൽ പങ്കെടുത്തു. കൊടുവള്ളി മണ്ഡലത്തിലെ ലീഗ് വിജയത്തിൽ കെ.എം.സി.സി. പ്രവർത്തകർ മധുരംപങ്കിട്ട് ആഹ്ളാദിച്ചു.

ആഘോഷം വേണ്ടെന്ന കേരളത്തിലെ ലീഗ് നേതൃത്വത്തിന്റെ ആഹ്വാനത്തിൽ മറ്റ് ലീഗ് സ്ഥാനാർഥികളുടെ വിജയം കെ.എം.സി.സി. ആഘോഷിച്ചില്ല.

ദുബായ് ഐ.എം.സി.സി.

ദുബായ് : ഇടതു ജനാധിപത്യമുന്നണി നേടിയ വിജയവും കോഴിക്കോട് സൗത്തിൽ ഐ.എൻ.എൽ. നേടിയ വിജയവും ദുബായ് ഐ.എം.സി.സി. പ്രവർത്തകർ ആഘോഷിച്ചു.

എൽ.ഡി.എഫ്. ദുബായ് കമ്മിറ്റി ജനറൽകൺവീനർ എൻ.കെ. കുഞ്ഞിമുഹമ്മദ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഐ.എം.സി.സി. യു.എ.ഇ. കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാവുട്ടി കാദർ, പ്രസിഡന്റ് അഷറഫ് തച്ചറോത്ത്, സെക്രട്ടറി ഉമർ കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു.