അബുദാബി : കോവിഡ് പ്രതിരോധ വാക്സിൻ രണ്ടുഡോസും സ്വീകരിച്ച സ്വദേശികൾക്കും അബുദാബി താമസവിസയുള്ള പ്രവാസികൾക്കും യാത്രാനടപടികളിൽ അബുദാബി ദേശീയ ദുരന്ത നിവാരണ അതോറിറ്റി മാറ്റംവരുത്തി.

കോവിഡ് ഭീതിയില്ലാത്ത രാജ്യങ്ങളിൽനിന്ന് (ഗ്രീൻ പട്ടിക) വരുന്നവരും വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരുമായ യാത്രക്കാർക്ക് ഇനി ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ, അബുദാബിയിൽ എത്തുന്ന ദിവസവും ആറാംദിവസവും ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം. കുറഞ്ഞത് 28 ദിവസം മുമ്പെങ്കിലും വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച യു.എ.ഇ. പൗരന്മാർക്കും അബുദാബി താമസവിസയുള്ളവർക്കും മാത്രമാണ് നിബന്ധന ബാധകം. പുതിയ നടപടിക്രമങ്ങൾ മേയ് മൂന്നിന് പ്രാബല്യത്തിലായി.

കോവിഡ് സുരക്ഷിത രാജ്യങ്ങളാണ് ഗ്രീൻപട്ടികയിലുള്ളത്. നിലവിൽ ഇന്ത്യ പട്ടികയിലില്ല. ഓരോ രണ്ടാഴ്ച കൂടുമ്പോഴും പട്ടിക പുതുക്കാറുണ്ട്. ഏപ്രിൽ 25-നാണ് അവസാനമായി പുതുക്കിയത്.

ഗ്രീൻ പട്ടികയിൽപ്പെടാത്ത രാജ്യങ്ങളിൽനിന്നുള്ളവർ വാക്സിന്റെ രണ്ട് ഡോസ് എടുത്തിട്ടുണ്ടെങ്കിലും അബുദാബിയിൽ എത്തുമ്പോൾ കോവിഡ് പരിശോധന നടത്തുകയും അഞ്ചുദിവസം ക്വാറന്റീനിൽ പോവുകയും വേണം.

കൂടാതെ, നാലാം ദിവസം മറ്റൊരു പി.സി.ആർ. പരിശോധനയും നടത്തണം. അൽ ഹൊസൻ ആപ്പിൽ ഇക്കാര്യങ്ങൾ കണ്ടെത്താനാവും.