ഷാർജ : കേരളകോൺഗ്രസ് (ബി) ചെയർമാനും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ളയ്ക്ക് പ്രവാസി മലയാളികളും ആദരാഞ്ജലികളർപ്പിച്ചു. അദ്ദേഹം ഒട്ടേറെതവണ സന്ദർശിച്ച ഗൾഫുരാജ്യമായ യു.എ.ഇ.യിലെ മലയാളി സംഘടനകളുടെ ഓർമയിൽ ബാലകൃഷ്ണപിള്ള നിറഞ്ഞുനിന്നു.

പ്രവാസി ക്ഷേമപദ്ധതികൾ രൂപപ്പെടുത്താനും കേരളത്തിലെത്തി ഭരണതലങ്ങളിൽ ഇടപെട്ട് അവ നടപ്പാക്കാനും അദ്ദേഹം തയ്യാറായിട്ടുണ്ടെന്ന് പലരും ഓർമിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ബാലകൃഷ്ണപിള്ളയ്ക്ക് ഒന്നിലേറെ തവണ സ്വീകരണം നൽകിയിട്ടുണ്ടെന്ന് മുൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പറഞ്ഞു. യു.ഡി.എഫ്. സ്ഥാപകരിൽ പ്രധാനിയായ അദ്ദേഹം ആ മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോഴും പ്രധാനകക്ഷിയായ കോൺഗ്രസിനെ വിമർശിക്കാൻ മടി കാണിച്ചില്ല. ഇടതുപക്ഷത്തെ കണക്കിന് കളിയാക്കാനും മറക്കാത്ത പ്രസംഗശൈലി ആയിരുന്നു അദ്ദേഹത്തിന്റെത്.

കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ വെയ്‌ക്‌ എന്ന സംഘടനയും ദുബായിൽ ആർ. ബാലകൃഷ്ണപിള്ളയ്ക്ക് സ്വീകരണം നൽകിയിരുന്നു. മകൻ കെ.ബി. ഗണേഷ് കുമാറിനൊപ്പവും യു.എ.ഇ.യിൽ പല പരിപാടികളിലും ബാലകൃഷ്ണപിള്ള പങ്കെടുത്തിട്ടുണ്ട്.

ബാലകൃഷ്ണപിള്ള പ്രതിനിധാനംചെയ്ത നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്.) എന്ന സംഘടനയോട് ആഭിമുഖ്യമുള്ള യു.എ.ഇ.യിലെ കൂട്ടായ്മകളും അനുശോചിച്ചു.

ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ യു.എ.ഇ. ജനതാ കൾച്ചറൽ സെൻറർ അനുശോചിച്ചു