ഷാർജ : എമിറേറ്റിൽ ഒരു മാതൃകാ വ്യവസായമേഖല സ്ഥാപിക്കാനൊരുങ്ങി അധികൃതർ. വ്യവസായമേഖല ഏരിയ നമ്പർ 10-ൽ മേഖല സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നതെന്ന് സാമ്പത്തികവികസന വകുപ്പ് (എസ്.ഇ.ഡി.ഡി.) അറിയിച്ചു. ഷാർജ വ്യാവസായിക മേഖലകളിൽ കുറ്റകൃത്യങ്ങൾ വലിയതോതിൽ കുറഞ്ഞതിന്റെ ഫലമായാണ് ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നത്.

മേഖലകളിൽ കുറ്റകൃത്യങ്ങളുടെ നിരക്കിൽ 70 ശതമാനത്തിന്റെ കുറവുണ്ടായതായി ഷാർജ പോലീസ് വ്യക്തമാക്കി. കുറ്റകൃത്യങ്ങൾക്കെതിരേ ഷാർജ പോലീസ് അടുത്തിടെ ശക്തമായ പ്രചാരണമാണ് നടത്തിവരുന്നത്. ക്രിമിനൽ കേസുകളിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത്. ജനുവരി ഒന്നുമുതൽ 31 വരെയുള്ള കാലയളവിൽ മാത്രം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് കുറ്റകൃത്യങ്ങൾ ഇത്രയും കുറഞ്ഞതെന്ന് സമഗ്ര പോലീസ് സെന്റർ വകുപ്പ് ഡയറക്ടർ കേണൽ യൂസഫ് ഒബെയ്ദ് ബിൻ ഹർമോൾ പറഞ്ഞു. ക്രിമിനലുകളെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിലും പോലീസ് 100 ശതമാനം വിജയിച്ചു. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ ചലനങ്ങൾ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ പുതിയ സംവിധാനമാണ് ഇതിന് സഹായിച്ചതെന്നും പോലീസ് പറഞ്ഞു.

അൽ സജ്ജ വ്യാവസായിക മേഖലയ്ക്കുപുറമെ ഷാർജ നഗരത്തിൽ 18 വ്യവസായമേഖലകളുണ്ട്. ഇവിടെ മോഷണത്തിലും വലിയ കുറവുണ്ടായി. വ്യാവസായിക സ്ഥാപനങ്ങളുടെ ഉടമകളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ 2020 ഡിസംബർ ഒമ്പതിനാണ് പോലീസ് കാമ്പയിൻ ആരംഭിച്ചത്. ഇവിടങ്ങളിൽ ഉയർന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകളും ഫയർ അലാറം സംവിധാനങ്ങളും സ്ഥാപിക്കുകയും കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തു. പരിശീലനം നേടിയ സുരക്ഷാജീവനക്കാരെയാണ് ഇവിടെ നിയമിച്ചിരുന്നത്.

പ്രദേശത്ത് ഡ്രോണുകൾ ഉപയോഗിച്ചാണ് പട്രോളിങ് നടത്തിവന്നത്. നേരിട്ടെത്തി തെളിവുകൾ ശേഖരിക്കാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ ഡ്രോണുകൾ പോലീസിനെ സഹായിക്കുകയും ചെയ്തു. ഡ്രോണുകൾക്ക് മുഴുവൻ പ്രദേശങ്ങളും നിരീക്ഷിക്കാനും മിനിറ്റുകൾക്കുള്ളിൽ മാപ്പുകളും ത്രീഡി ചിത്രങ്ങളും ശേഖരിക്കാനുമാവും. ഇവ വിലയിരുത്തിയാണ് പോലീസ് പ്രവർത്തിച്ചിരുന്നത്. കുറ്റകൃത്യങ്ങൾ നടത്തുന്ന ചില പ്രധാന മേഖലകൾ നിരീക്ഷിക്കാൻ ഇവ സഹായിച്ചു. ഭാവിയിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധന തുടരുമെന്നും പോലീസ് വ്യക്തമാക്കി. വ്യാവസായിക സ്ഥാപനങ്ങളിൽ നിർബന്ധമായും സി.സി.ടി.വി. ക്യാമറകൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ ഇവ ഈ മേഖലകളുടെ സുരക്ഷ വർധിപ്പിച്ചു. കൂടാതെ കമ്യൂണിറ്റി അവബോധ കാമ്പയിൻ നടത്താനായി പോലീസ് പ്രത്യേക സംഘത്തെയും രൂപവത്‌കരിച്ചിരുന്നു. അവർ മേഖലകൾ സന്ദർശിക്കുകയും സുരക്ഷാ നടപടികളെക്കുറിച്ച് ബോധവത്‌കരിക്കുകയും ചെയ്തു.

മേഖലകളിൽ ഏതെങ്കിലും കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 800151 എന്ന നമ്പറിൽ അറിയിക്കണം. അല്ലെങ്കിൽ പോലീസ് വെബ്‌സൈറ്റ് വഴിയോ പോലീസ് സ്മാർട്ട് ആപ്പ് വഴിയോ അറിയിക്കാം.