ദുബായ് : ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത 1000 കലാകാരന്മാർക്ക് സാംസ്കാരികവിസ നൽകുമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി അറിയിച്ചു. സാംസ്കാരികവിസ എന്നപേരിൽ ലോകത്തിലെ തന്നെ ആദ്യസംരംഭമാണിത്. 2019-ൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിനോടകം 46 രാജ്യങ്ങളിൽനിന്നുള്ള വ്യക്തികളിൽ നിന്ന്‌ 261 അപേക്ഷകൾ ലഭിച്ചുകഴിഞ്ഞു. 120-ഓളം അപേക്ഷകൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലഭിച്ചതായും അധികൃതർ അറിയിച്ചു.