ദുബായ് : യു.എ.ഇ.യിലെ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപിന്റെ 21-ാമത് ശാഖ അൽ ബർഷ മൂന്നിൽ പ്രവർത്തനം ആരംഭിച്ചു. യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ഷംസി, സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലസി എന്നിവർ ചേർന്ന് പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. കൂടാതെ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർമാർ, മാനേജർമാർ, യൂണിയൻ കോപിലെ ജീവനക്കാർ, ഒട്ടേറെ ഉദ്യോഗസ്ഥർ, വിതരണക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഹെസ്സ സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന പുതിയ ശാഖയ്ക്ക് 50,000 ചതുരശ്ര അടി വ്യാപ്തിയുണ്ട്. ഇതിൽ 35,356 ചതുരശ്ര അടി വ്യാപ്തിയിലാണ് ഷോറൂം ഏരിയ. പുതിയ ശാഖയിൽ ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ളോർ, മധ്യത്തിലുള്ള ഫ്ളോർ എന്നിവയാണുള്ളത്.

യൂണിയൻ കോപിന്റെ ഹൈപ്പർമാർക്കറ്റ് ആദ്യത്തെ നിലയിലും 10 ഷോപ്പുകൾ ഗ്രൗണ്ട് ഫ്‌ലോറിലുമാണുള്ളത്. ബേസ്‌മെന്റിലും ഗ്രൗണ്ട് ഫ്‌ളോറിലുമുള്ള 120 പാർക്കിങ് സ്പേസുകൾക്ക് പുറമെയാണിത്. 4.5 കോടി ദിർഹം ചെലവഴിച്ചാണ് പുതിയ ശാഖ നിർമ്മിച്ചിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലേക്കും സേവനങ്ങൾ എത്തിക്കുകയും അന്താരാഷ്ട്രനിലവാരം പുലർത്തിക്കൊണ്ട് പകരം വെക്കാനാകാത്ത ഷോപ്പിങ് അനുഭവം ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്യുക എന്നിവയ്ക്കായുള്ള നിരന്തര പരിശ്രമങ്ങളുടെ ഭാഗമാണിത്.

വികസനമാതൃകയാണ് യൂണിയൻ കോപ് പിന്തുടരുന്നതെന്നും സേവനങ്ങളും കേന്ദ്രങ്ങളും ശാഖകളും വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുകവഴി സാമ്പത്തികവികസനത്തിലേക്ക് നയിക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുക എന്നത് ഇതിലുൾപ്പെട്ടതാണെന്നും ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ഷംസി പറഞ്ഞു.

ഷോപ്പിങ്ങിനെത്തുന്നവർക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനായി ആധുനിക ഡിസൈനുകളിലാണ് പുതിയ ശാഖകളും കേന്ദ്രങ്ങളും നിർമിച്ചിട്ടുള്ളത്. ഇതിലൂടെ ഉയർന്ന നിലവാരമുള്ള ഉദ്‌പന്നങ്ങൾ വളരെ എളുപ്പത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാകും. ദുബായിലെ എല്ലായിടത്തും യൂണിയൻ കോപിന്റെ സേവനങ്ങളും ഉദ്‌പന്നങ്ങളും എത്തിക്കുകയാണ് പുതിയ യൂണിയൻ കോപ് ബ്രാഞ്ചുകളിലൂടെ ലക്ഷ്യമാക്കുന്നത്. സ്മാർട്ട് ഓൺലൈൻ സ്റ്റോറുകൾ ആഗോളമാതൃകകളും ഉപഭോക്താക്കളുടെ സംതൃപ്തിയും കണക്കിലെടുത്താണ് പ്രവർത്തിക്കുന്നതെന്നും സി.ഇ.ഒ. അൽ ഫലസി കൂട്ടിച്ചേർത്തു. പുതിയ ശാഖ തുടങ്ങിയ വിവരം സ്ഥിരീകരിച്ച് യൂണിയൻ കോപ് ഇൻവെസ്റ്റ്‌മെന്റ് വിഭാഗം ഡയറക്ടർ മാദിയ അൽ മറിയും സംസാരിച്ചു.