ഷാർജ : ഇന്ത്യയുൾപ്പെടെ ആറ്  രാജ്യങ്ങളിൽനിന്ന്‌ യു.എ.ഇ.യിലേക്ക് തിരിച്ചുവരാൻ സാഹചര്യമൊരുങ്ങിയതോടെ സന്തോഷത്തിലാണ് പ്രവാസലോകം. യു.എ.ഇ. പ്രവേശന വിലക്ക് പ്രഖ്യാപിച്ചതിനുശേഷം നാട്ടിലെത്തിയ ലക്ഷക്കണക്കിന് പ്രവാസികളുണ്ട്. ഇവരിലേറെപേരും ഹ്രസ്വ അവധിക്ക്‌ നാട്ടിലെത്തി മാസങ്ങളായി കുടുങ്ങിപ്പോയവരാണ്. അത്തരത്തിലുള്ളവരെ സംബന്ധിച്ച് യു.എ.ഇ.യുടെ പുതിയ തീരുമാനം പ്രതീക്ഷയുളവാക്കുന്നതാണ്. കൂടാതെ മക്കളും അച്ഛനമ്മമാരും യു.എ.ഇയിലും നാട്ടിലുമായി പിരിഞ്ഞിരിക്കുന്ന അവസ്ഥയിലുള്ളവർക്കും തീരുമാനം വലിയ ആശ്വാസമാണ്.

ഭൂരിഭാഗവും കോവിഡ് വാക്സിനേഷൻ യു.എ.ഇ.യിൽ നിന്നുതന്നെ പൂർത്തീകരിച്ചവരാണ്. ബാക്കിയുള്ളവരിൽ നാട്ടിൽ നിന്നും വാക്സിൻ സ്വീകരിച്ചവരുമുണ്ട്. അതേസമയം ഒട്ടേറെയാളുകളുടെ വിസാ കാലാവധി ഇതിനകം തീർന്നു. അവരുടെ കാര്യത്തിൽ യു.എ.ഇ. അനുഭാവപൂർണമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.

ജീവനക്കാർ കുറഞ്ഞതിനാൽ യു.എ.ഇയിലെ പല കമ്പനികളും പ്രവർത്തിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ട്. പല റെസ്റ്റോറന്റുകളും മാസങ്ങളായി തൊഴിലാളികളുടെ അഭാവം കാരണം പ്രഭാതഭക്ഷണ വിതരണം നിർത്തിവെച്ചിരിക്കുകയാണ്. ഇത്തരം തൊഴിൽമേഖലയിലെ പ്രതിസന്ധികളും പ്രവേശന വിലക്ക് തീരുന്നതോടെ അവസാനിക്കും. യു.എ.ഇ.യുടെ വാതിൽ തുറക്കുന്നതോടെ ട്രാവൽ-ടൂർ രംഗത്തും പുതിയ തൊഴിൽ സാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തൽ. സന്ദർശകവിസയുടെ അനുമതിയിൽ തീരുമാനമായിട്ടില്ലെങ്കിലും ധാരാളം പേർ യു.എ.ഇയിലെത്താൻ കാത്തുനിൽക്കുന്നുണ്ട്.

വിമാനയാത്രാനിരക്ക് തീരുമാനമായില്ല

ഓഗസ്റ്റ് അഞ്ചുമുതൽ ഇന്ത്യ ഉൾപ്പെടെ ആറുരാജ്യങ്ങളിലുള്ളവർക്ക് യു.എ.ഇ.യിലേക്ക് പ്രവേശനാനുമതി ലഭിച്ചുവെങ്കിലും വിമാനയാത്രാനിരക്ക് ഇതുവരെ തീരുമാനമായിട്ടില്ല. 48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ. ഫലം ലഭിച്ചാൽ മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുക. അതിനാൽ അഞ്ചിന് വരാൻ ശ്രമിക്കുന്നവരുടെ പരിശോധനാഫലവും ലഭിക്കേണ്ടതുണ്ട്. അതിനുള്ളിൽ യാത്രാനിരക്കിൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് യു.എ.ഇ.യിലെ ട്രാവൽ ഏജൻസി അധികൃതരും പറയുന്നു. മുമ്പ്‌ ടിക്കറ്റ് എടുത്ത് യാത്ര മുടങ്ങിയവർക്ക് പുതിയ ടിക്കറ്റിൽ ആദ്യദിവസം യാത്രചെയ്യാനും നിരക്ക് നിശ്ചയിക്കേണ്ടതുണ്ട്. ലക്ഷക്കണക്കിന് പ്രവാസികൾ ഒരുമിച്ച് യാത്രചെയ്യുന്നതിനാൽ ടിക്കറ്റ് നിരക്ക് ക്രമാതീതമായി വർധിക്കുമോയെന്ന് ആശങ്കപ്പെടുന്നവരാണ് അധികവും.