ഷാർജ : ലോകനാഥനായ ക്രിസ്തുവിന്റെ വിശേഷങ്ങളും സ്തുതികളും പരുമല തിരുമേനിയെക്കുറിച്ചുള്ള സ്തോത്രങ്ങളും പാട്ടും കവിതയുമായി ഷാർജയിൽ സ്കൂൾ അധ്യാപികയായ ഷീബ ബിനോയ്. യേശുദേവൻ ലോകത്തിനുവേണ്ടിയാണ് പീഡാസഹനവും കുരിശേറ്റവും ഏറ്റുവാങ്ങേണ്ടിവന്നതെന്ന് സ്വന്തം രചനയിലൂടെ ഷീബ ഓർമിപ്പിക്കുന്നു.

നിരവധി ക്രിസ്തീയഭക്തിഗാനങ്ങൾ ആൽബങ്ങളായി ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞു. ‘ക്രൂശിതനായ തമ്പുരാൻ ഭുവനത്തെ ശോഭിപ്പിച്ചെന്നും ലോക രക്ഷകനായെന്നുമുള്ള’ ഷീബയുടെ പാട്ട് ഇതിനകം സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ട പന്തളം സ്വദേശിയായ ഷീബ ബിനോയ് 21 വർഷമായി ഷാർജയിലുണ്ട്.

അകാലത്തിൽ വിടപറഞ്ഞ അമ്മയെക്കുറിച്ചുള്ള ഓർമകളായിരുന്നു ഷീബയുടെ ആദ്യകവിത. ‘ദിവ്യസ്പർശനം’ എന്നുപേരിട്ട കവിതയിൽ ‘എന്തിന് തിടുക്കത്തിൽ യാത്രയായി’ എന്നെഴുതി കരഞ്ഞുപോയെന്നും ഷീബ പറയുന്നു. ‘തിരുസഭയുടെ അണികളായ്’, ‘മാർത്തോമ്മായുടെ പുണ്യസഭ’ , ‘മിശിഹാനാഥന്റെ മഹാസന്നിധേ’, ‘മലയാങ്കരയുടെ പുണ്യപിതാവ്’ തുടങ്ങിയ ആൽബങ്ങളെല്ലാം വലിയരീതിയിൽ പ്രചാരത്തിലാവുകയും ചെയ്തു. ഓർത്തഡോക്സ് സഭാ ഗായകൻ റോയ് പുത്തൂർ ആണ് മിക്ക ഗാനങ്ങളും ആലപിച്ചിരിക്കുന്നത്.

ചിത്രകാരികൂടിയാണ് ഷീബ ബിനോയ്. മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റ യേശുവിന്റെ ചിത്രം കോഫീ പെയിന്റിങ് രൂപത്തിൽ വരച്ചിട്ടുണ്ട്. ഷാർജയിലെ മലയാളം മിഷൻ പ്രവർത്തകകൂടിയായ ഷീബ എഴുതിയ മരുഭൂമിയിലെ മഴയെന്ന കവിത ഭാഷയോടുള്ള സ്നേഹമായും വിലയിരുത്തുന്നു. ഷാർജ സെയ്‌ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ വനിതാവിഭാഗം പ്രവർത്തകയാണ്. ബിനോയ് ആണ് ഭർത്താവ്. നോയൽ, നവ്യ എന്നിവർ മക്കളാണ്.