ദുബായ് : എമിറേറ്റിൽ നടപ്പാക്കാനിരിക്കുന്ന കൂറ്റൻ സോളാർ പാർക്കിന്റെ അടുത്തഘട്ടം പൂർത്തിയാകുന്നു. 320,000 വീടുകൾക്ക് സംശുദ്ധമായ ഊർജം പ്രദാനം ചെയ്യാനാവുന്ന മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ നാലാംഘട്ടമാണിത്. 87 ശതമാനം പൂർത്തിയായി.

950 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ പുരോഗതി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സയീദ് മുഹമ്മദ് അൽ തായർ സന്ദർശിച്ചു. ഈ ഘട്ടത്തിൽ 1578 കോടി ദിർഹംവരെ നിക്ഷേപമുള്ള ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസർ മോഡലാണ് ഉപയോഗിക്കുന്നത്. 262.44 മീറ്ററിൽ ലോകത്തിലെ തന്നെ ഏറ്റവുംവലിയ സൗരോർജ പവർപ്ലാന്റാണിത്.

യു.എ.ഇ.യുടെ ക്ലീൻ എനർജി സ്ട്രാറ്റജി 2050-ന്റെ ഭാഗമായി പരിസ്ഥിതിസൗഹൃദ ഊർജോത്‌പാദനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കോൺസൻട്രേറ്റഡ് സോളാർ പവർ പ്രോജക്ട് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 700 മെഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

2030- ഓടെ ലോകത്ത് കാർബൺ ബഹിർഗമനം ഏറ്റവും കുറഞ്ഞ നഗരമായി ദുബായ് മാറും. ദീവയുമായി ബന്ധപ്പെട്ട 1420 കോടി ദിർഹത്തിന്റെ കരാർ സൗദി അറേബ്യയുടെ എ.സി.ഡബ്ല്യു.എ. പവർ, ചൈനയുടെ ഷാംങ്ഹായ് ഇലക്‌ട്രിക് എന്നീ കമ്പനികളുടെ കൺസോർഷ്യത്തിനാണ് നൽകിയിരിക്കുന്നത്.