ദുബായ് : ഗോൾഡൻ വിസയ്ക്ക് അപേക്ഷിച്ചവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ യു.എ.ഇ. ആറുമാസത്തെ സന്ദർശകവിസ അനുവദിച്ചു. മൾട്ടിപ്പിൾ എൻട്രി സാധ്യമാകുന്ന ആറുമാസ വിസയാണ് അനുവദിച്ചിരിക്കുന്നതെന്ന് യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു. ഫെഡറൽ അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയോ, പൊതുസേവന കേന്ദ്രങ്ങൾ, ടൈപ്പിങ് സെന്ററുകൾ എന്നിവ വഴിയോ അപേക്ഷിക്കാം. 1150 ദിർഹമാണ് വിസയുടെ ചെലവ്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അപേക്ഷകൾ പരിശോധിക്കും.

പൂർണമായ അപേക്ഷകൾ വേണം സമർപ്പിക്കാൻ. ഭേദഗതിയുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അപേക്ഷകരെ അറിയിക്കും. പിന്നീട് ഭേദഗതിവരുത്തിയ അപേക്ഷകൾ വീണ്ടും സമർപ്പിക്കണം. 30 ദിവസത്തിനകം പുതിയ അപേക്ഷ സമർപ്പിച്ചില്ലെങ്കിൽ റദ്ദാക്കപ്പെടും.

പൊതുനിക്ഷേപകനാണെങ്കിൽ യു.എ.ഇ.യിലെ അംഗീകൃത നിക്ഷേപക ഫണ്ടിൽനിന്നുള്ള വാറ്റ് രേഖകൾ ഉൾപ്പെടെ നൽകണം. 20 ലക്ഷം ദിർഹം മൂലധന നിക്ഷേപമുണ്ടെന്നതിന് തെളിവ് വേണം. ബിസിനസ് പങ്കാളികൾ അക്കാര്യം വ്യക്തമാക്കണം. കമ്പനി ഉടമയാണെങ്കിൽ നിലവിൽ സ്ഥാപനത്തിന് വായ്പകളുണ്ടാകരുത്. വ്യവസായ സംരംഭകനാണെങ്കിൽ അഞ്ച് ലക്ഷം ദിർഹത്തിൽ കുറയാത്ത പദ്ധതിയുടെ ഉടമയാണെന്ന് കാണിക്കണം. ആരോഗ്യ ഇൻഷുറൻസ്, താമസ വാടകകരാർ എന്നിവയുണ്ടാകണം. അംഗീകൃത കലാ സാംസ്കാരിക രംഗത്തുള്ളവർ അതുസംബന്ധിച്ച രേഖകൾ സമർപ്പിക്കണം. വിദ്യാർഥികൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രേഖകളും ഹാജരാക്കണം.

അഞ്ച്, പത്ത് വർഷങ്ങളാണ് ഗോൾഡൻ വിസയുടെ കാലാവധി. ഇത് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് യു.എ.ഇ.യിൽ എത്താനാണ് ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകുന്നത്. നിക്ഷേപകർ, സംരംഭകർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, കല- സാംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ചവർ, കായിക താരങ്ങൾ, പി.എച്ച്.ഡിക്കാർ, ഹൈസ്കൂൾ- യൂണിവേഴ്‌സിറ്റി വിദ്യാർഥികൾ എന്നിവർക്കാണ് ഗോൾഡൻ വിസ നൽകുന്നത്.