ദുബായ് : എമിറേറ്റിലെ പുതിയ മാളിലേക്കുള്ള റോഡുകളും പാലങ്ങളും നിർമാണം ഏകദേശം പൂർത്തിയായതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു. ജുമൈറ വില്ലേജ് ട്രയാംഗളിലെ പുതിയ ഷോപ്പിങ് വിനോദകേന്ദ്രമായ അൽ ഖൈൽ അവന്യൂ മാളിലേക്ക് നയിക്കുന്ന പാലങ്ങളും റോഡുകളുമാണ് 90 ശതമാനം പൂർത്തിയായിരിക്കുന്നത്. 2153 മീറ്റർ നീളമുള്ള റോഡുകളും 1250 മീറ്റർ നീളമുള്ള മൂന്ന് പാലങ്ങളുമാണ് പദ്ധതിയിലുള്ളത്.

ഈ വർഷം പകുതിയോടെ നിർമാണം പൂർത്തിയാക്കി തുറന്നുകൊടുക്കുമെന്നും ആർ.ടി.എ. വ്യക്തമാക്കി.

മാളിലേക്ക് നേരിട്ട് പ്രവേശനം നൽകുന്ന രീതിയിലാണ് നിർമാണമെന്ന് ആർ.ടി.എ. ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. അതോടൊപ്പം അൽ ഖൈൽ, മുഹമ്മദ് ബിൻ സായിദ് റോഡുകളുമായും ഇവ ബന്ധിപ്പിച്ചിട്ടുണ്ട്. ഏകദേശം രണ്ട് ദശലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള അൽ ഖൈൽ അവന്യൂവിൽ 350 സ്റ്റോറുകൾ, ഭക്ഷണശാലകൾ, വിനോദ സൗകര്യങ്ങൾ, ഒരു സിനിമാ കോംപ്ലക്സ് എന്നിവയുമുണ്ട്.