അബുദാബി : യു.എ.ഇ.യിൽ അനുമതി കൂടാതെ പണപ്പിരിവ് നടത്തുന്നവർക്കും സംഭാവന സ്വീകരിക്കുന്നവർക്കും കടുത്തശിക്ഷ ലഭിക്കും. അനധികൃത പണപ്പിരിവ് നടത്തിയാൽ രണ്ടരലക്ഷംമുതൽ അഞ്ചുലക്ഷം ദിർഹം (ഏകദേശം 99,888,45 രൂപ) വരെയായിരിക്കും പിഴ ചുമത്തുക. റംസാൻ അടുത്തതോടെ ഇത്തരത്തിൽ ലൈസൻസില്ലാത്ത പണപ്പിരിവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസ് മുന്നറിയിപ്പും നൽകുന്നുണ്ട്.

സാമൂഹികസേവനത്തിനായി സംഭാവന ശേഖരിക്കുമെന്ന് അവകാശപ്പെടുന്ന വ്യാജ പരസ്യങ്ങളിലും സന്ദേശങ്ങളിലും വീഴരുതെന്ന് അബുദാബി പോലീസ് അഭ്യർഥിച്ചു. ജനങ്ങളുടെ വിശ്വാസത്തെയും സഹാനുഭൂതിയെയും ചൂഷണംചെയ്യാൻ ശ്രമിക്കുന്ന ഇത്തരം തട്ടിപ്പുസംഘങ്ങൾക്കെതിരേ കടുത്തശിക്ഷ നൽകുമെന്നും അധികൃതർ ഓർമിപ്പിച്ചു. അംഗീകൃത ധർമസ്ഥാപനങ്ങൾവഴി മാത്രം സംഭാവന നൽകണം.

നിലവിൽ രാജ്യത്ത് ലൈസൻസുള്ള സംഘടനകൾക്ക് മാത്രമേ ഇതിന്റെ ഭാഗമായി സംഭാവനകൾ സ്വീകരിക്കാൻ അനുവാദമുള്ളൂ. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ 800 2626 എന്ന നമ്പറിൽ അറിയിക്കണം. അല്ലെങ്കിൽ 2828 നമ്പറിലേക്ക് സന്ദേശമയച്ചോ www.aman.gov.ae വഴിയോ അറിയിക്കാം.