ദുബായ് : സൗദി അറേബ്യയിൽ നിലവിൽ കോവിഡ് ചികിത്സയിലുള്ളത് 6007 പേർ. ഇവരിൽ 761 പേരുടെ നില ഗുരുതരമാണ്. പുതുതായി 684 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 439 പേർ രോഗമുക്തി നേടുകയും ചെയ്തു. ആകെ വൈറസ് ബാധിതർ 3,92,009 ആണ്. ഇവരിൽ 3,79,312 പേർക്ക് രോഗം ഭേദമായി. ആറ് പേർകൂടി മരിച്ചതോടെ ആകെ മരണം 6690 ആയി. റിയാദിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.8 ശതമാനമാണ്. മരണനിരക്ക് 1.7 ശതമാനവും. യു.എ.ഇ.യിൽ 2084 പേർക്ക് കൂടി കോവിഡ്, രണ്ട് പേർകൂടി രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2210 പേർകൂടി രോഗമുക്തി നേടി. ഇതുവരെ 4,68,023 പേർക്കാണ് യു.എ.ഇ.യിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ 4,52,321 പേരും രോഗമുക്തരായി. ആകെ മരണം 1504 ആണ്. നിലവിൽ 14,198 പേർ ചികിത്സയിലുണ്ട്. പുതുതായി 2,52,243 പരിശോധനകൾകൂടി രാജ്യത്ത് പൂർത്തിയായി. ഖത്തറിൽ മൂന്ന് പേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. 870 പേരിൽ കൂടി പുതുതായി രോഗബാധ കണ്ടെത്തി. ആകെ മരണം 301 ആയി. 468 പേർ സുഖംപ്രാപിച്ചു. ആകെ വൈറസ് സ്ഥിരീകരിച്ചത് 16776 പേരിലാണ്. നിലവിൽ 1674 പേർ ചികിത്സയിലുണ്ട്. ഇവരിൽ 396 പേരുടെ നില ഗുരുതരമാണ്.

മൂന്ന് സ്ഥാപനങ്ങൾപൂട്ടിച്ചു

ദുബായ് : കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കാതിരുന്ന മൂന്ന് സ്ഥാപനങ്ങൾ ദുബായ് മുനിസിപ്പാലിറ്റി അടപ്പിച്ചു. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് നടപടി. സാമൂഹിക അകലം പാലിക്കാതിരിക്കലും തിരക്കേറുകയും ചെയ്ത ഗ്ലോബൽ വില്ലേജ്, ഹുദൈബ എന്നിവിടങ്ങളിലെ രണ്ട് സലൂണുകളും മുഖാവരണം ധരിക്കാതിരുന്ന ജെബൽ അലി വ്യവസായ മേഖലയിലെ ഒരു ഭക്ഷ്യസ്ഥാപനവുമാണ് പൂട്ടിച്ചത്. മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി പരിശോധന ഊർജിതമാക്കി. 196 പരിശോധനകൾ നടത്തിയതിൽ രണ്ട് മുന്നറിയിപ്പുകളും നൽകി.

സേഹ ടെലി-കൺസൽട്ടേഷൻസേവനം നാലര ലക്ഷത്തോളം പേരിലേക്ക്

അബുദാബി : കോവിഡ് വ്യാപനം രൂക്ഷമായ 2020 ഏപ്രിൽ മാസമാണ് അബുദാബി ആരോഗ്യ സേവന കമ്പനിയായ സേഹ ടെലിഫോണിലൂടെയുള്ള കൺസൽട്ടിങ് എന്ന ആശയത്തിന് തുടക്കംകുറിച്ചത്. ആളുകൾ നേരിട്ട് ആരോഗ്യസേവന കേന്ദ്രങ്ങളിലേക്ക് വരുന്നത് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. പദ്ധതി ഒരുവർഷം പിന്നിടുമ്പോൾ ഇതുവരെ ടെലി-കൺസൽട്ടേഷൻ സേവനം പ്രയോജനപ്പെടുത്തിയത് നാലര ലക്ഷത്തോളം ആളുകളാണെന്ന് സേഹ അറിയിച്ചു. വീഡിയോ കൺസൽട്ടേഷനും സൗകര്യമുണ്ട്. ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും കുറ്റമറ്റ ജീവിത സാഹചര്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ സേവന മേഖലയുടെ ഡിജിറ്റൽ വത്കരണത്തിന് നാളുകൾക്ക് മുമ്പേ തുടക്കമായിരുന്നു.

രോഗികൾക്ക് ടെലിഫോണിലൂടെയും വീഡിയോ കോളിലൂടെയും പരിശോധനാ സേവനം ലഭ്യമാക്കുന്ന നൂതന പദ്ധതി പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്ന് സേഹ ആക്ടിങ് സി.ഒ.ഒ. ഡോ. മർവാൻ അൽ കാബി പറഞ്ഞു. ഈ സേവനങ്ങൾക്ക് 83 ശതമാനം പേരും സംതൃപ്‌തി രേഖപ്പെടുത്തി. യുവജനങ്ങളും സാങ്കേതിക സംവിധാനങ്ങളോട് ഏറെ ആഭിമുഖ്യം പുലർത്തുന്ന ജനങ്ങളും ധാരാളമായി സേവനം പ്രയോജനപ്പെടുത്തി. മാറുന്ന കാലഘട്ടത്തിന്റെ രീതിയാണ് ഇത്. അതുകൊണ്ടുതന്നെ താത്‌കാലികമായി തുടങ്ങിയ ഈ സേവനം സേഹ സ്ഥിരപ്പെടുത്തിയതായും അറിയിച്ചു.