ഷാർജ : കേരളം വീണ്ടും ചുവന്നപ്പോൾ പ്രവാസലോകത്ത് സമ്മിശ്രവികാരം. കൂടെ വലിയ വിജയത്തിനും തുടർഭരണത്തിനും ക്യാപ്റ്റനായ മുഖ്യമന്ത്രി പിണറായി വിജയന് പ്രവർത്തകർ അഭിവാദ്യങ്ങളും നൽകി. തുടർഭരണം ഉറപ്പിച്ചിരുന്നെങ്കിലും സീറ്റുകൾ മൂന്നക്കത്തിൽ എത്തുമെന്ന് ഇടതുപക്ഷാഭിമുഖ്യമുള്ളവരും കരുതിയില്ല. മാധ്യമങ്ങളുടെ എക്സിറ്റ് പോളുകളിൽ വിശ്വസിക്കേണ്ടെന്നാണ് തുടക്കം മുതൽ ഇൻകാസ് അടക്കമുള്ള യു.ഡി.എഫ്. പക്ഷ സംഘടനാനേതാക്കളും പറഞ്ഞത്. ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് ഫലം പുറത്തുവന്നതോടെ നേതാക്കളുടെ പ്രസ്താവനയെത്തി. ഞായറാഴ്ച രാവിലെ മുതൽ പ്രവാസലോകത്തും തിരഞ്ഞെടുപ്പ് ഫലത്തിനായി ആളുകൾ മാധ്യമങ്ങളുടെ മുന്നിലായിരുന്നു. പലരും അവധി എടുത്താണ് ഫലമറിഞ്ഞത്. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവന്നതോടെ തുടർഭരണത്തിന്റെ സാധ്യതകളെത്തി, അതോടെ സാമൂഹികമാധ്യമങ്ങളിൽ പ്രവർത്തകർ സന്തോഷം പങ്കുവെക്കാനും തുടങ്ങി. പലരും നാട്ടിലേക്ക് വിജയികളേയും പാർട്ടി നേതാക്കളേയും വിളിച്ച് അഭിനന്ദനമറിയിച്ചു. എന്നാൽ തീരെ പ്രതീക്ഷിക്കാതെ ചിലർക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിൽ പ്രവർത്തകർക്കുള്ള ദുഃഖവും പങ്കുവെക്കുന്നുണ്ട്.

ഈ തിരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമായിരുന്നു മൂന്ന് മുന്നണികൾക്കും. ‘തുടർഭരണം ലഭിച്ചില്ലെങ്കിൽ ഭരണനേതൃത്വം സ്വന്തം പാർട്ടിയിൽനിന്നുതന്നെ വിമർശനം നേരിടേണ്ടിവരും. അതിനെ അതിജീവിക്കാൻ പിണറായി വിജയൻ എന്ന ‘കപ്പിത്താന്’ സാധിച്ചു എന്നാണ് ഫലം വന്നതിനെത്തുടർന്ന്‌ യു.എ.ഇ.യിലെ ഇടതുപക്ഷാഭിമുഖ്യമുള്ള നേതാക്കളുടെ പ്രതികരണം. കേരളത്തിൽ കൂടുതൽ യുവമുഖങ്ങൾ മന്ത്രി പദവിയിലെത്തുമെന്ന സന്തോഷവും പലർക്കുമുണ്ട്. എന്നാൽ തവന്നൂരിൽ കെ.ടി. ജലീലിന് തുടക്കംമുതൽ കാര്യമായ വെല്ലുവിളി ഉയർത്തിയ ഫിറോസ് കുന്നുംപറമ്പിലിന്റെ ആരാധകർക്ക് അദ്ദേഹത്തിന്റെ പരാജയം ഉൾക്കൊള്ളാൻ വിഷമമായി. തിരഞ്ഞെടുപ്പിനുശേഷവും ഫിറോസ് യു.എ.ഇ. സന്ദർശിച്ചിരുന്നു, വിജയം ഉറപ്പായിരിക്കുമെന്നും പറഞ്ഞാണ് അദ്ദേഹം തിരിച്ചുപോയത്.

ജലീലിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തവനൂരിലെ ഫലത്തെ സ്വാഗതം ചെയ്തു. അഴീക്കോട് ഹാട്രിക് വിജയം പ്രതീക്ഷിച്ച് കാലിടറിയ ലീഗ് നേതാവ് കെ.എം. ഷാജിക്കും ഗൾഫിൽ വലിയ അനുയായികളുണ്ട്. ഷാജിയുടെ അപ്രതീക്ഷിത പരാജയം ഉൾക്കൊള്ളാൻ സാധിക്കാത്ത വിഷമത്തിലാണവർ. അഴീക്കോട്ടെ വിജയത്തിനായി കെ.എം. ഷാജിക്ക്‌ പ്രവാസലോകത്തുനിന്ന്‌ വലിയ സഹായം ലഭിച്ചിരുന്നു. കൂത്തുപറമ്പ്, കാസർകോട് എന്നീ മണ്ഡലങ്ങളിൽ എൽ.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാർഥികളായി മത്സരിച്ചവർ പ്രവാസി ബിസിനസുകാരനായ പൊട്ടങ്കണ്ടി അബ്ദുള്ളയും എം.എ. ലത്തീഫുമായിരുന്നു. അതിൽ പൊട്ടങ്കണ്ടി കൂത്തുപറമ്പിൽ വിജയിക്കുമെന്നുതന്നെ പലരും കണക്കുകൂട്ടി. എന്നാൽ പൊട്ടങ്കണ്ടിയുടെ അടുത്ത സുഹൃത്തായ കെ.പി. മോഹനനോട് പരാജയമറിഞ്ഞു.

ഐ.എൻ.എൽ. നേതാവായ ലത്തീഫ് കാസർകോട് മണ്ഡലത്തിൽ എൻ.എ. നെല്ലിക്കുന്നിനോടും തോറ്റു. മുൻ പ്രവാസി മാധ്യമപ്രവർത്തകനായ ഉദുമയിലെ യു.ഡി.എഫ്. സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ തുടക്കം മുതൽ ലീഡ് നിലനിർത്തിയെങ്കിലും പിന്നീട് സി.എച്ച്. കുഞ്ഞമ്പുവിനുമുന്നിൽ കാലിടറിയതും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾക്ക് വിഷമമായി. ഷാർജയിൽ ഉദുമ മണ്ഡലത്തിന്റെ വിജയത്തിനായി പ്രവർത്തകർ പ്രചാരണങ്ങളും സംഘടിപ്പിച്ചിരുന്നു.

കേരളത്തിൽ എൻ.ഡി.എ. മുന്നണിക്കുണ്ടായ കേവലമൊരു സീറ്റും നഷ്ടപ്പെട്ടത് പ്രവാസത്തെ ബി.ജെ.പി. പ്രവർത്തകർക്കും തിരിച്ചടിയായി. ഐ.പി.എഫ്. നേതാക്കൾ തിരഞ്ഞെടുപ്പ് ഫലത്തിന്റെ തലേദിവസവും അഞ്ചുസീറ്റുവരെ ലഭിക്കുമെന്ന് പ്രതീക്ഷ പുലർത്തിയിരുന്നു.

വോട്ടർമാർക്ക് അഭിനന്ദനം -എൽ.ഡി.എഫ്. ദുബായ് കമ്മിറ്റി

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തകർപ്പൻവിജയം സമ്മാനിച്ച കേരളത്തിലെ മുഴുവൻ വോട്ടർമാരെയും അഭിനന്ദിക്കുന്നതായി എൽ.ഡി.എഫ്. ദുബായ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയചരിത്രത്തിൽ ആദ്യമായി തുടർ ഭരണം ലഭ്യമാക്കാൻ പ്രവാസലോകത്ത്‌ നിന്നുകൊണ്ട്‌ പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും അഭിനന്ദിക്കുന്നതായി കൺവീനർ എൻ.കെ. കുഞ്ഞിമുഹമ്മദ്, ജോയിൻറ് കൺവീനർമാരായ വിത്സൺ തോംസൺ, കുഞ്ഞാവുട്ടി കാദർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

ഇടതു സർക്കാരിന് അഭിവാദ്യങ്ങൾ -ഓർമ

പ്രതിസന്ധി ഘട്ടങ്ങളിൽ നാടിനെ ചേർത്തുപിടിച്ചുകൊണ്ട് ഇടതുസർക്കാർ നടത്തിയ നേതൃപരമായ നീക്കങ്ങൾക്കുള്ള അംഗീകാരമാണ് തുടർ ഭരണമെന്ന നിലയിൽ ജനങ്ങൾ വീണ്ടും നൽകിയിരിക്കുന്നത്.

ജനാധിപത്യമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയൂം ജനക്ഷേമകരവും വികസനോന്മുഖവുമായ കാഴ്ചപ്പാടോടെ കേരളത്തെ വളർച്ചയിലേക്ക് നയിക്കുകയും ചെയ്ത ഇടതു സർക്കാരിന്റെ വിജയം കേരള ജനതയുടെ തന്നെ വിജയമായി കാണുന്നുവെന്നും വികസന തുടർച്ചയ്ക്ക് ആശംസകൾ അർപ്പിക്കുന്നുവെന്നും ലോക കേരള സഭാംഗവും ഓർമ രക്ഷാധികാരിയുമായ എൻ.കെ. കുഞ്ഞുമുഹമ്മദ്, ഓർമ ജനറൽ സെക്രട്ടറി കെ.വി. സജീവൻ, പ്രസിഡന്റ് അൻവർ ഷാഹി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു

പ്രൊഫഷണൽ മാർക്കറ്റിങ് തന്ത്രം -ഇൻകാസ്, ഫുജൈറ

എൽ.ഡി.എഫ്. വിജയം പ്രൊഫഷണൽ മാർക്കറ്റിങ് വിജയമാണെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ.സി. അബൂബക്കർ അഭിപ്രായപ്പെട്ടു. എത്ര മോശം ഉത്പന്നവും പ്രൊഫഷണൽ മാർക്കറ്റിങ് തന്ത്രമുപയോഗിച്ച് വിറ്റഴിക്കാമെന്ന് തെളിയിക്കുന്നതാണ് തിഞ്ഞെടുപ്പുഫലങ്ങൾ. കിറ്റുകൾ പോലുള്ള വൈകാരിക സമീപനങ്ങൾകൊണ്ട് ജനങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്ന് തിരിച്ചറിയുന്നതിൽ യു.ഡി.എഫ്. നേതൃത്വം പരാജയപ്പെട്ടു. ഉപരിപ്ലവമായ ഷോ പ്രവർത്തനങ്ങൾ കൊണ്ട് സമൂഹത്തിന്റെ അടിത്തട്ടിൽ ചലനമുണ്ടാക്കാൻ കഴിയില്ല.

മതനിരപേക്ഷതയ്ക്കുള്ള അംഗീകാരം -അബുദാബി ശക്തി തിയേറ്റേഴ്‌സ്

ഇടതുപക്ഷ വിജയം മതനിരപേക്ഷതയ്ക്ക് കേരളജനത നൽകുന്ന അംഗീകാരമാണ്. ഓരോ തിരഞ്ഞെടുപ്പുകളിലും വലതുപക്ഷം സ്വീകരിച്ചുപോരുന്ന അവസരവാദ നയങ്ങൾക്കെതിരേയുള്ള ശക്തമായ താക്കീതുകൂടിയാണ് ഈ ഫലം. കേരളത്തിന്റെ മതനിരപേക്ഷ മുഖം ലോകത്തിനു മുന്നിൽ തുറന്നുകാണിക്കുവാൻ ഏറെ പര്യാപ്തമായ ഈ തിരഞ്ഞെടുപ്പ് ഫലം ഇതര സമൂഹത്തിനു മുന്നിൽ മലയാളികളുടെ യശസ്സ് ഉയർത്തിക്കാണിക്കും. രാജ്യത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സംഘപരിവാർ രാഷ്ട്രീയം പിടിമുറുക്കുമ്പോൾ കേരളത്തിൽ ബി.ജെ.പി.ക്ക് ഉണ്ടായിരുന്ന ഒരേയൊരു സീറ്റുപോലും തിരിച്ചുപിടിച്ചുകൊണ്ട് കേരളം മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും ശക്തി തിയേറ്റേഴ്‌സ് ആക്ടിങ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരിയും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും അറിയിച്ചു.

തുടർഭരണത്തിന് ആശംസകൾ -എം.എ. യൂസഫലി, ലുലു ഗ്രൂപ്പ് ചെയർമാൻ

: തിരഞ്ഞെടുപ്പ് വിജയത്തിലൂടെ തുടർഭരണത്തിലേക്ക് കടക്കുന്ന പിണറായി വിജയൻ സർക്കാരിന് എല്ലാ ആശംസകളും. നമ്മുടെനാടിനും പ്രവാസി സമൂഹത്തിനും ഗുണകരമായ കാര്യങ്ങൾചെയ്യാൻ അദ്ദേഹത്തിനും സംഘത്തിനും ഇനിയും സാധിക്കട്ടെ. അപകടകരമായ സാഹചര്യത്തിലൂടെയാണ് നമ്മുടെ രാജ്യവും സംസ്ഥാനവും കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. കോവിഡ് തരംഗത്തിൽ വലിയനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അതെല്ലാം നേരിടാൻ പിണറായിസർക്കാരിന് കരുത്തുണ്ടാവട്ടെയെന്ന് ദൈവത്തോട് പ്രാർഥിക്കുന്നു.