അബുദാബി : കടൽജീവിതവും യു.എ.ഇ. പൈതൃകവും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധത്തെ ഡോക്യുമെന്ററിയിലൂടെ അവതരിപ്പിച്ച് അബുദാബി പരിസ്ഥിതി ഏജൻസി. യു.എ.ഇ. ചരിത്രത്തിന്റെ ഭാഗമാണ് മത്സ്യബന്ധനം. ആഴക്കടലിലെ മീൻപിടിത്തവും മുത്തുവാരലുമെല്ലാം മനോഹരമായി അവതരിപ്പിക്കുന്നതോടൊപ്പം അമിത മത്സ്യബന്ധനം മൂലമുണ്ടാവുന്ന വെല്ലുവിളികളും ഇതിലൂടെ വിവരിക്കുന്നു.

എണ്ണപ്പണത്തിന് മുമ്പ് യു.എ.ഇ ജനതയുടെ മുഖ്യവരുമാന സ്രോതസായിരുന്നു ഈ മേഖല. സുസ്ഥിര സമുദ്ര ആവാസവ്യവസ്ഥ നിലനിർത്തേണ്ടുന്നതിന്റെ ആവശ്യകത ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഈ ഡോക്യുമെന്ററിയിലൂടെ അബുദാബിയുടെ പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങളെയും ഉയർത്തിക്കാണിക്കുന്നു. മത്സ്യബന്ധനം ജനതയുടെ വരുമാന ഉറവിടം മാത്രമായല്ല, അവയ്ക്ക് സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യവുമുണ്ടെന്ന് പരിസ്ഥിതി ഏജൻസി മാനേജിങ് ഡയറക്ടർ റസാൻ ഖലീഫ അൽ മുബാറക് പറഞ്ഞു. നമ്മുടെ കടൽ നമ്മുടെ ഭാവിയെന്ന 33 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി അബുദാബിയുടെ വേറിട്ട കാഴ്ചയാണ് ലോകത്തോട് പറയുന്നത്.