അബുദാബി : പെരുന്നാൾ ആഘോഷങ്ങൾക്കൊരുങ്ങി നഗരം. ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും വേറിട്ട പരിപാടികളുടെ തയ്യാറെടുപ്പിലാണ്. കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുകൊണ്ട് തിരക്ക് നിയന്ത്രിച്ച് ആഘോഷങ്ങൾ പൊലിപ്പിക്കാനാണ് ശ്രമങ്ങൾ.

ഭക്ഷണശാലകളും വസ്ത്രശാലകളുമെല്ലാം പെരുന്നാളിന്റെ മുന്നൊരുക്കത്തിലാണ്. അബുദാബി നഗരത്തിലെങ്ങും വർണവിളക്കുകൾ സ്ഥാപിച്ച് രാത്രിയെ പ്രകാശപൂരിതമാക്കിയിരിക്കുകയാണ്.

കൂട്ടം ചേർന്നുള്ള ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. അബുദാബിയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ യാസ് ഐലൻഡ് കുടുംബമായുള്ള ആഘോഷങ്ങൾക്ക് ഒട്ടേറെ വേദികളാണ് ഒരുക്കിയിരിക്കുന്നത്.

ലോകോത്തര ഉത്പന്നങ്ങൾക്ക് മികച്ച ഇളവുകൾ ലഭ്യമാക്കിക്കൊണ്ട് കച്ചവടസ്ഥാപനങ്ങളും ഹോട്ടലുകളും ഫെറാരിവേൾഡ്, വാർണർബ്രോസ് തുടങ്ങിയ വിനോദകേന്ദ്രങ്ങളുമെല്ലാം സജീവമാണ്. താമസത്തോടൊപ്പം വിനോദകേന്ദ്രങ്ങളിലെ സന്ദർശനവും ഉറപ്പാക്കുന്ന ഒന്നും രണ്ടും മൂന്നും ദിവസത്തേക്കുള്ള പാക്കേജുകളാണ് മുൻനിര ഹോട്ടലുകൾ ലോകസന്ദർശകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. അബുദാബിയിൽ പുതുതായി ആരംഭിച്ച കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള കയാക്കിങ്ങും ലൂവ്ര് അബുദാബി മ്യൂസിയത്തിലെ കാഴ്ചകളുമടക്കം സന്ദർശകർക്ക് ആസ്വദിക്കാനാകും.

അബുദാബി വിനോദസഞ്ചാര വകുപ്പിന്റെയും മുനിസിപ്പാലിറ്റിയുടെയും കർശന കോവിഡ് വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന 'ഗോ സേഫ്' സർട്ടിഫിക്കേഷൻ ലഭിച്ച കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. ഈദ് നിശയിലെ വെടിക്കെട്ടും യാസിലെ കാഴ്ചകൾക്ക് മാറ്റുകൂട്ടും.

ഈദ് അവധി; ദുബായ് ഹോട്ടലുകൾ മുഴുവൻ പ്രവർത്തനശേഷിയിലേക്ക്

ദുബായ് : ഈദ് അവധിയും വിനോദസഞ്ചാരികളുടെ വരവുമായതോടെ ദുബായിലെ ഹോട്ടലുകളെല്ലാം മുഴുവൻ പ്രവർത്തനശേഷിയിലെത്തി. കോവിഡ് കാലത്ത് അനുവദനീയമായ മുഴുവൻ ശേഷിയിലാണ് ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. യൂറോപ്പിൽനിന്നും മറ്റ് അറബ് രാജ്യങ്ങളിൽനിന്നും വിദേശ വിനോദസഞ്ചാരികൾ ധാരാളമായെത്തുന്ന സമയമാണിത്. കോവിഡ് സുരക്ഷാനിയമങ്ങൾക്ക് അനുസൃതമായി സർക്കാർ നിശ്ചയിച്ചിട്ടുള്ള 80 ശതമാനം ശേഷിയിലാണ് ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. കുടുംബങ്ങൾക്ക് പ്രത്യേക ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. മൂല്യവർധിത ഓഫറുകൾ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കുകയും കൂടുതൽ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുകയും ചെയ്യും. ഈദ് അൽ ഫിത്തർ കാലയളവിൽ മാർച്ച് മുതൽ ഏപ്രിൽവരെ ഹോട്ടലുകൾ തിരയുന്നതിൽ 500 ശതമാനം വർധനയുണ്ടായിട്ടുണ്ട്. കൂടാതെ ഹോട്ടൽബുക്കിങ് എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.