അബുദാബി : അൽ ഐൽ അൽ സറൂജ് മേഖലയിൽ പുതിയ ഡ്രൈവ്-ത്രൂ കോവിഡ് വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചു. അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (സേഹ) കീഴിലുള്ള ആംബുലേറ്ററി ഹെൽത്ത് കെയർ സർവീസിന്റെ നേതൃത്വത്തിലാണ് സേവനം.

വാക്സിനേഷന് പുറമെ കോവിഡ് പരിശോധനയും ഇവിടെ നടത്താം. വാഹനങ്ങളിലെത്തുന്നവർക്ക് സേവനങ്ങൾ പ്രയോജനപ്പെടുത്താനായി ആറ് വരികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം വാക്സിനേഷനായും നാല് വരികൾ കോവിഡ് പരിശോധനകൾക്കായുമാണ്. ഇവിടെ ദിവസം 200 പേർക്ക് വാക്സിൻ നൽകാനുള്ള സൗകര്യമുണ്ട്.

800 പേരെ വീതം ദിവസം പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

റംസാൻ മാസത്തിൽ ശനി മുതൽ വ്യാഴം വരെ രാവിലെ രാവിലെ 10 മണിമുതൽ വൈകീട്ട് നാല് വരെയും, രാത്രി എട്ടുമുതൽ അർധരാത്രി ഒരുമണിവരെയും സേവനങ്ങൾ ലഭിക്കും. റംസാന് ശേഷം ശനി മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ സേവനങ്ങൾ ലഭിക്കും. ഇതോടെ അൽഐനിൽ ആംബുലേറ്ററി ഹെൽത്ത് കെയർ സർവീസിന് കീഴിലുള്ള ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളുടെ എണ്ണം മൂന്നായി.

അൽ ഹിലി, അഷരജ് എന്നിവിടങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്വദേശികൾക്കും പ്രവാസികൾക്കും ഇവിടെനിന്ന് സേഹ ആപ്പ് വഴി സേവനം നേടാം. പുതിയ സേവനകേന്ദ്രം ആരംഭിച്ച സാഹചര്യത്തിൽ സേഹയുടെ കീഴിൽ അൽ ഐനിലെ അൽ മസൗദിയിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ ടെസ്റ്റിങ്‌ സെന്ററിന്റെ പ്രവർത്തനം മേയ് 30 മുതൽ നിർത്തലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.