ഇ.ടി. പ്രകാശ്

ഷാർജ

: സൂക്ഷ്മാണുവായ കൊറോണ വൈറസ് മനുഷ്യജീവിതത്തെയാകെ താറുമാറാക്കിയപ്പോൾ ലോകമെങ്ങും പലവിധത്തിലുള്ള പ്രതിരോധങ്ങൾ നടന്നുവരുകയാണ്. പാട്ടും നൃത്തവും എഴുത്തും വായനയും മരുന്നും കുത്തിവെപ്പുമായി മനുഷ്യർ കരുതലിൽ തന്നെ. അതിനിടയിൽ കുഞ്ഞൻ സർഗസൃഷ്ടിയിൽ കോവിഡിനെതിരേ പ്രതിരോധം തീർക്കുന്ന മലയാളിയായ ഒരു ഏഴുവയസ്സുകാരനുമുണ്ട്. ഷാർജ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂൾ ഗ്രേഡ് രണ്ടിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി റാഹിൽഷാൻ ആണ് ഡയറിക്കുറിപ്പുകളും വേറിട്ട ചിത്രങ്ങളുമായി ശ്രദ്ധേയനാവുന്നത്.

രോഗം പരത്തുന്ന വിഹ്വലതകളിൽ ബാല്യത്തിലെ ആശങ്കയാണ് എഴുത്തും വരയുമായി റാഹിൽ ഷാൻ പങ്കുവെക്കുന്നത്. മാതാപിതാക്കൾ കോവിഡിനോട് പൊരുതിയ ദിനങ്ങൾ മകന്റെ ഇളംമനസ്സിലുണ്ടാക്കിയ വേദനയും പ്രതിഫലിപ്പിച്ചിട്ടുണ്ട്. ‘കൂട്ടുകാരെപ്പോലും അകറ്റിയ കൊറോണേ, നീ വേഗത്തിൽ തിരിച്ചുപോകണം. ഞങ്ങളുടെ മുഖം മറയ്ക്കുന്ന മാസ്ക് എടുത്തുമാറ്റണം, ഞങ്ങൾക്ക് പുഞ്ചിരി തിരിച്ചുവേണം...’ എന്നും ഈ കുഞ്ഞിക്കൈകളിലൂടെ ഡയറിയിൽ കുറിച്ചുവെച്ചിട്ടുണ്ട്. 'എന്റെ മാതാപിതാക്കൾ രോഗബാധിതരാണ്, അവർ മരിച്ചുപോകുമോയെന്ന് ഞാൻ ഭയപ്പെടുന്നു. എനിക്ക് പരീക്ഷ അടുത്തിരിക്കുന്നു, ആരെന്നെ പഠിപ്പിക്കും?' ഇങ്ങനെ കൊറോണയോട് നിരവധി ആശങ്കകൾ കുട്ടി ചോദിക്കുന്നതാണ് ഡയറിയിലുള്ളത്.

അമ്മയുടെ കണ്മഷി ഉപയോഗിച്ചാണ് റാഹിൽ കൂടുതൽ ചിത്രങ്ങളും വരച്ചത്. ചിത്രങ്ങളിലും അദൃശ്യമായ വൈറസുകൾ കുഞ്ഞുഭാവനയിൽ തെളിയുന്നു. 20-ൽ അധികം ചിത്രങ്ങൾ വരച്ച റാഹിൽ പ്രതീക്ഷയുടെ നിലാവും പ്രതിഫലിപ്പിച്ചിട്ടുണ്ട്. രണ്ടുവയസ്സുള്ളപ്പോൾ തന്നെ മകൻ ചിത്രങ്ങൾ വരച്ചുതുടങ്ങിയതായി അധ്യാപികയും എഴുത്തുകാരിയുമായ മാതാവ് റോഷിൻഷാൻ പറഞ്ഞു.

ഒരു സ്ഥലം കണ്ടാൽ പിന്നീടെന്നും അവിടേക്കുപോകാനുള്ള 'റൂട്ട്മാപ്പ്' മകന്റെ മനസ്സിൽ പതിയുമെന്നും അമ്മ പറഞ്ഞു. ആശയം വ്യക്തമാക്കുന്ന ചിത്രങ്ങളായിരുന്നു കൂടുതലും റാഹിൽ വരച്ചതും. ചുമരുകളാണ് വരയുടെ ഇഷ്ടയിടം. ചിത്രരചനാ മത്സരങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഫോട്ടോഗ്രാഫി പഠനവും നാസ യാത്രയുമെല്ലാം റാഹിലിന്റെ കുഞ്ഞുമനസ്സിലെ വലിയ ആഗ്രഹമാണ്. ഗസൽ ഗായകൻ കൂടിയായ ഷാൻ കണ്ണൂർ ആണ് റാഹില ഷാന്റെ പിതാവ്.