ശാന്തവും സ്വസ്ഥവുമായ മനസ്സ്‌, സമാധാനപൂർണമായ ജീവിതം -ഇതാണ്‌ എല്ലാ കാലത്തെയും എല്ലായിടത്തെയും എല്ലാമനുഷ്യരും ആഗ്രഹിക്കുന്നതും തേടുന്നതും. കലുഷവും അസ്വസ്ഥവുമായ ആധുനിക കാലഘട്ടത്തിൽ പ്രത്യേകിച്ചും. മനുഷ്യന്‌ ഭൗതികമായ എത്രവിഭവങ്ങളും സൗകര്യങ്ങളുമുണ്ടായാൽപ്പോലും ശാന്തിയും സ്വസ്ഥതയുമില്ലെങ്കിൽ അവന്റെ ജീവിതം ദുരിതപൂർണമായിത്തീരും. മനഃശാന്തിയും സമാധാനവും ലഭിക്കാൻ മനുഷ്യർ വിവിധ മാർഗങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌. ലഹരിസേവ ഉൾപ്പെടെയുള്ള വൈകൃതങ്ങളെ ശാന്തിമാർഗങ്ങളായി അവതരിപ്പിക്കുന്ന ചില സംഘങ്ങളുമുണ്ട്‌. എന്നാൽ, അതുകൊണ്ടൊന്നും മനുഷ്യന്‌ അവൻ കൊതിക്കുന്ന മനഃശാന്തിയും സ്വസ്ഥതയും ലഭ്യമാകുന്നില്ല എന്നതാണ്‌ സത്യം.

അപ്പോൾ സമാധാനലബ്ധിക്കുള്ള മാർഗമെന്താണ്‌? പ്രപഞ്ചനാഥനായ ദൈവംതന്നെ വിശുദ്ധ ഖുർആനിലൂടെ അതിങ്ങനെ അറിയിച്ചുതരുന്നു:

‘... ശ്രദ്ധിക്കുക, അല്ലാഹുവെക്കുറിച്ചുള്ള ഓർമകൊണ്ടത്രേ മനസ്സുകൾ ശാന്തമായിത്തീരുന്നത്‌.’ (13:28). ‘നിങ്ങൾ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക. എങ്കിൽ നിങ്ങൾ വിജയം പ്രാപിക്കും.’ ‘നിശ്ചയം, ദൈവസ്മരണയാണ്‌ ഏറ്റവും മഹത്തായത്‌.’ തുടങ്ങിയ ഖുർആൻ വചനങ്ങളും ശ്രദ്ധിക്കുക.

ഈ പറഞ്ഞ ദൈവചിന്തയുടെയും ദൈവസ്മരണയുടെയും തീവ്രപരിശീലന പരിപാടിയാണ്‌ റംസാനിലെ വ്രതാനുഷ്ഠാനം. പ്രഭാതംമുതൽ പ്രദോഷംവരെയുള്ള ആഹാരനീഹാരാദി ശാരീരികാവശ്യങ്ങളുടെ പൂർണത്യാഗം, സത്‌കർമങ്ങളും സത്‌ചിന്തകളും, ദുഷ്‌കർമങ്ങളുടെയും ദുഷ്‌ചിന്തകളുടെയും വർജനം, ശക്തമായ ആത്മനിയന്ത്രണം, നിരന്തരമായ പ്രാർഥനകൾ, ആരാധനകൾ, ദാനധർമങ്ങളടക്കമുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ... ഇവയിലൂടെയെല്ലാം നോമ്പുകാരൻ ദൈവത്തോട്‌ കൂടുതൽ കൂടുതൽ അടുക്കുന്നു. ഈ ദൈവസാമീപ്യത്തിലൂടെ അവന്‌ കൈവരുന്ന ആധ്യാത്മികാനുഭവവും അനുഭൂതിയും അവർണനീയമാണ്‌. അതിലൂടെ അവന്‌ ലഭിക്കുന്ന മനഃശാന്തിയും സ്വസ്ഥതയും അവന്റെ ജീവിതത്തെ സമാധാനപൂർണവും സംഘർഷരഹിതവുമാക്കി മാറ്റുന്നു. അതിന്റെ സ്വാധീനവും സത്‌ഫലങ്ങളും റംസാൻ മാസത്തിൽ മാത്രമല്ല, മറ്റു കാലങ്ങളിലും അവന്റെ ജീവിതത്തെ ദൈവാഭിമുഖവും ശാന്തസുന്ദരവുമായി നിലനിർത്തിക്കൊണ്ടിരിക്കും. എന്നാൽ, ഒരു കാര്യം ഇവിടെ പ്രത്യേകം ഓർക്കേണ്ടതുണ്ട്‌: ദൈവചിന്താഭരിതവും സത്‌കർമനിരതവും പാപവിമുക്തവുമായ നോമ്പ്‌ അനുഷ്ഠിക്കുന്നവർക്ക്‌ മാത്രമേ ഈ സൗഭാഗ്യം കരഗതമാകൂ.