ദുബായ് : റംസാനിൽ 177 യാചകരെ അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. പോലീസ് ആരംഭിച്ച യാചക വിരുദ്ധ കാമ്പയിനിലായിരുന്നു ഇവരെ പിടികൂടിയത്.

സമൂഹത്തിന് ഭീഷണിയുയർത്തുകയും എമിറേറ്റിന്റെ പേര് മോശമാക്കുകയും ചെയ്യുന്ന യാചകരെ പിടികൂടാൻ മറ്റ് വകുപ്പുകളുമായി ചേർന്ന് പട്രോളിങ് ഉൾപ്പെടെയുള്ള പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്ന് ദുബായ് പോലീസ് ഇൻഫിൽട്രേറ്റേഴ്‌സ്‌ ഡയറക്ടർ കേണൽ അലി സാലിം പറഞ്ഞു. ഇതിലൂടെ യാചകരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭിക്ഷാടകർക്ക് 5000 ദിർഹമാണ് പിഴ ചുമത്തുന്നത്. കൂടാതെ മൂന്നുമാസംവരെ തടവും ശിക്ഷ ലഭിക്കും.

ഭിക്ഷാടകരെ രാജ്യത്തെത്തിക്കുന്നവർക്ക് ഒരുലക്ഷം ദിർഹം പിഴയും ആറ് മാസം തടവുമാണ് ശിക്ഷ.

ഭിക്ഷാടകരെ കണ്ടാൽ പൊതുജനങ്ങൾ പോലീസിൽ അറിയിക്കണം: ടോൾഫ്രീ നമ്പർ 901. പോലീസ് ഐ സർവീസും പ്രയോജനപ്പെടുത്താം.