അബുദാബി : ശാസ്ത്രപ്രതിഭാമത്സര വിജയികളെ സയൻസ് ഇന്ത്യ ഫോറം അനുമോദിച്ചു. യുവ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി ജി.സി.സി.യിൽ നടത്തുന്ന പ്രധാന മത്സരങ്ങളിലൊന്നാണിത്. ഇന്ത്യൻ പാഠ്യപദ്ധതിയിൽ പ്രവർത്തിക്കുന്ന 94 സ്കൂളുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇവരിൽനിന്നാണ് 16 ശാസ്ത്ര പ്രതിഭകളെയും 85 എക്സലൻസ് വിജയികളെയും കണ്ടെത്തിയത്. നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷണൽ റിസർച്ച് ആൻഡ്‌ ട്രെയിനിങ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., ഇന്ത്യൻ എംബസി, വിജ്ഞാനഭാരതി എന്നിവയുമായി സഹകരിച്ചാണ് സയൻസ് ഇന്ത്യാ ഫോറം മത്സരം നടത്തുന്നത്.

ഫോറം യു.എ.ഇ. പ്രസിഡന്റ് ഡോ. സതീഷ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ 2020-ലെ ശാസ്ത്രപ്രതിഭകളെ യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ അഭിനന്ദിച്ചു. ഇന്ത്യയുടെ മുൻ മെറ്ററോളജിക്കൽ വിഭാഗം ഡയറക്ടർ ജനറൽ ഡോ. ലക്ഷ്മൺ സിങ് റാത്തോർ മുഖ്യപ്രഭാഷണം നടത്തി. വിജ്ഞാന ഭാരതി ദേശീയസംഘാടക സെക്രട്ടറി ജയന്ത് സഹസ്രബുദ്ധേ, എസ്.പി.സി. യു.എ.ഇ. കോ-ഓർഡിനേറ്റർ നരേന്ദ്ര ഭാഗ്ദികാർ എന്നിവർ പങ്കെടുത്തു.