ദുബായ് : രിസാല സ്റ്റഡിസർക്കിൾ തർതീൽ കാമ്പയിനോടനുബന്ധിച്ച് ഗൾഫിലെ ഏഴ് കേന്ദ്രങ്ങളിൽ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു. ബഹ്‌റൈനിൽ 'വിശുദ്ധ ഖുർആൻ സമഗ്രത, സമകാലികത' എന്ന വിഷയത്തിൽ ജമാൽ മാംഗ്ലൂർ, സിജു ജോർജ്, രാജു ഇരിങ്ങൽ എന്നിവരും, യു.എ.ഇ.യിൽ 'അജയ്യമാണ് ഖുർആൻ' എന്ന വിഷയത്തിൽ ബഷീർ ഫൈസി വെണ്ണക്കോട്, ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, അബ്ദുസലാം വെള്ളശ്ശേരി എന്നിവരും ഖത്തറിൽ 'ഖുർആനിലെ സോഷ്യലിസം' എന്ന വിഷയത്തിൽ അബ്ദുല്ല വടകര, ജമാൽ അസ്ഹരി, അബ്ദുൽ ഹക്കീം വാഫി എന്നിവരും സെമിനാറിന് നേതൃത്വം നൽകി.

സൗദി ഈസ്റ്റിൽ 'ഖുർആനിന്റെ അമാനുഷികത' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സിദ്ധീഖ് ഇർഫാനി, ഉമർ സഖാഫി മൂർക്കനാട്, അബ്ദുനാസർ അഹ്‌സനി ഒളവട്ടൂർ എന്നിവർ പ്രബന്ധമവതരിപ്പിച്ചു. കുവൈത്തിൽ ഫാറൂഖ് ഹമദാനി, മുഹമ്മദലി സഖാഫി പട്ടാമ്പി, അബ്ദുല്ല വടകര എന്നിവർ 'ഖുർആൻ മാനവികതയുടെ ദർശനം' എന്ന വിഷയത്തിൽ സംസാരിച്ചു.

ഒമാനിൽ 'കാലാതിവർത്തിയായ ഖുർആൻ' എന്ന വിഷയത്തിൽ നാസിറുദ്ധീൻ സഖാഫി കോട്ടയം, ഫിറോസ് അബ്ദു റഹ്മാൻ, പ്രജീഷ് ബാലുശ്ശേരി എന്നിവരും, സൗദി വെസ്റ്റിൽ അബ്ദുന്നാസർ അൻവരി, ഡോ. ഇ. അഭിലാഷ്, ഹസൻ ചെറൂപ്പ, മുഹ്‌സിൻ സഖാഫി എന്നിവർ 'ഖുർആൻ സർവ ലൗകികം' എന്ന വിഷയത്തിലെ സെമിനാറിലും വിഷയമവതരിപ്പിച്ച് സംസാരിച്ചു.

മേയ് ഏഴ്, 14 തീയതികളിൽ നടക്കുന്ന ഗൾഫ് 'ഗ്രാന്റ് ഫിനാലെ' യോട് കൂടി തർതീൽ സമാപിക്കും. മത്സരത്തിൽ ഏഴ് രാജ്യങ്ങളിൽനിന്ന് പതിനഞ്ച് ഇനങ്ങളിൽ 115 പ്രതിഭകൾ പങ്കെടുക്കുമെന്ന് മീഡിയാ കൺവീനർ ഫഹദ് സഖാഫി ചെട്ടിപ്പടി അറിയിച്ചു.