ദുബായ് : കോവിഡ് വാക്സിൻ ഒരാളെ രോഗിയാക്കുകയോ കോവിഡ് ബാധയേൽക്കാനുള്ള സാധ്യത കൂട്ടുകയോ ഇല്ലെന്ന് യു.എ.ഇ. ആരോഗ്യമേഖലാ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി. യു.എ.ഇയിൽ ഇതുവരെ 3.1 കോടി കോവിഡ് പി.സി.ആർ. പരിശോധനകളാണ് നടത്തിയത്. ഏറ്റവും കൂടുതൽ കോവിഡ് പരിശോധന നടത്തിയ രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. കോവിഡ് വാക്സിൻ ഒരിക്കലും കോവിഡ് വ്യാപനത്തിന് ഇടയാക്കില്ല. ഇത്തരം മിഥ്യാധാരണകളെ അകറ്റണം. ഇതുവരെ 60 ലക്ഷത്തിലേറെ ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. 3,614,070 പേർക്ക് കുത്തിവെപ്പ് നൽകി. ലക്ഷ്യം വെച്ചതിൽ 46.61 ശതമാനത്തിലെത്തി വാക്സിനേഷൻ നിരക്ക്. നിലവിൽ രാജ്യത്തെ ആരോഗ്യ അധികൃതർ മുൻഗണന നൽകിയവരിൽ 61.41 ശതമാനം പേർക്കും പ്രതിരോധ കുത്തിവെപ്പ് നൽകിയതായും ഡോ.ഫരീദ വ്യക്തമാക്കി. അതേസമയം യു.എ.ഇയിൽ 24 മണിക്കൂറിനിടെ 66539 പേർകൂടി കോവിഡ് വാക്സിൻ സ്വീകരിച്ചു.

ശീഷ കഫേയിൽ തിരക്കേറി; അധികൃതർ അടപ്പിച്ചു

ദുബായ് : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത ബുർജ് ഖലീഫയ്ക്ക് സമീപമുള്ള രണ്ട് ശീഷ കഫേകൾ ഉൾപ്പെടെ ആറോളം ഷോപ്പുകൾ ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അടപ്പിച്ചു. തിരക്കേറിയതിനെത്തുടർന്ന് അൽ ബർഷയിലെ ഒരു ഫിറ്റ്‌നസ് സെന്ററും, മുതീനയിലെ മസാജ് സെന്ററും പൂട്ടിച്ചു. ജാഫിലിയ, ദഗായ എന്നിവിടങ്ങളിലെ രണ്ട് ലോൺട്രിയും അടച്ചു. 2386 ഷോപ്പുകളിലാണ് മുനിസിപ്പാലിറ്റി പരിശോധന നടത്തിയത്. ഇതിൽ 98 ശതമാനവും മാനദണ്ഡങ്ങൾ പാലിക്കുന്നതായി കണ്ടെത്തിയിരുന്നു. 37-ഓളം ഷോപ്പുകൾക്ക് മുന്നറിയിപ്പും നൽകി.

40 വയസ്സിന് മുകളിലുള്ളവർക്കും വാക്‌സിൻ

:ദുബായിൽ കോവിഡ് വാക്‌സിനേഷൻ കാമ്പയിൻ വിപുലീകരിച്ചു. ഇനമുതൽ സാധുവായ ദുബായ് വിസയുള്ള 40 വയസ്സും അതിന് മുകളിലുമുള്ളവർക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാം.

ഇതുവരെ പ്രായമായവർക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും നിശ്ചയദാർഢ്യമുള്ളവർക്കുമായിരുന്നു വാക്സിൻ ലഭിക്കാൻ മുൻഗണനയുണ്ടായിരുന്നത്. കുത്തിവെപ്പിനായി ദുബായ് ഹെൽത്ത് അതോറിറ്റി ആപ്പ് വഴിയോ കോൾ സെന്റർ 800342 വഴിയോ ബുക്ക് ചെയ്യാം. നിലവിൽ സിനോഫാം, ഫൈസർ, കോവിഷീൽഡ് വാക്സിനുകളാണ് ദുബായിൽ നൽകുന്നത്.