ദുബായ് : കുവൈത്ത്, സൗദി യാത്രാമധ്യേ ദുബായിൽ കുടുങ്ങിയവർക്ക് ഓർമ വിമാനടിക്കറ്റുകൾ നൽകി. ഓർമയുടെ താത്കാലിക ക്യാമ്പിൽ കഴിയുന്ന പ്രവാസികൾക്കാണ് മടക്കയാത്രയ്ക്കുള്ള ടിക്കറ്റുകൾ നൽകിയത്. ലോക കേരളസഭാംഗവും ഓർമ രക്ഷാധികാരിയുമായ എൻ.കെ. കുഞ്ഞഹമ്മദാണ് ടിക്കറ്റ് കൈമാറിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായിൽ കുടുങ്ങിയവരിൽ നൂറോളംപേരാണ് ഓർമയുടെ ക്യാമ്പുകളിൽ കഴിയുന്നത്. ഇതിൽ നാട്ടിലേക്ക് തിരിച്ചുപോകാൻ തയ്യാറായ പത്തുപേർക്കാണ് ആദ്യഘട്ടമായി ടിക്കറ്റ് നൽകിയത്. മറ്റുള്ളവർക്കുള്ള മടക്കയാത്രാ ടിക്കറ്റ് ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് എത്രയുംപെട്ടെന്ന് തയ്യാറാക്കി കൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.