അജ്മാൻ : എമിറേറ്റിലെ ഏഴ് മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് എല്ലാ ആഴ്ചയും കോവിഡ് പരിശോധന നിർബന്ധമാക്കി.

റെസ്റ്റോറന്റ്‌സ്, കഫേകൾ, സൂപ്പർമാർക്കറ്റുകൾ, സ്പോർട്‌സ് ഹാളുകൾ, സലൂൺ, ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ, ഫുഡ് ആൻഡ്‌ മീൽ ഡെലിവറി കമ്പനികൾ, കാർ വാഷ് മേഖലകളിലുള്ളവർക്കാണ് പരിശോധന നിർബന്ധമാക്കിയത്.

ചൊവ്വാഴ്ച മുതൽ നിബന്ധന പ്രാബല്യത്തിലായതായി അജ്മാൻ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അറിയിച്ചു. എന്നാൽ കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരെ പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ അൽ ഹൊസൻ ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കണം. നിബന്ധന പാലിക്കാത്തവരെ കണ്ടെത്താൻ അധികൃതർ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.