ദുബായ് : ദേശീയദിനത്തിൽ പിറന്നുവീണ പൊന്നോമനക്കുഞ്ഞുങ്ങളോടൊത്ത് സന്തോഷം പങ്കിടുകയാണ് ചില രക്ഷിതാക്കൾ. ഇമറാത്തി ദമ്പതിമാരായ മുന മുഹമ്മദ് ഹുസൈൻ-യൂസിഫ് അൽ ബ്ലൂക്കി എന്നിവരുടെ മൂന്നാമത്തെ കുഞ്ഞ് അബ്ദുൾ റഹ്മാൻ യൂസിഫ് അൽ ബ്ലൂക്കിയുടെ ജനനം ദുബായിൽ പുലർച്ചെ 3.53- നായിരുന്നു. ദുബായ് മെഡ്‌കെയർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റലിൽ ജനിച്ച കുഞ്ഞിന് 2.950 കിലോഗ്രാമാണ് ഭാരം. ബുധനാഴ്ച രാവിലെ 10.12- ന് ഖിസൈസ് ആസ്റ്റർ ആസ്പത്രിയിൽ ഇന്ത്യൻ ദമ്പതിമാർക്ക് പെൺകുഞ്ഞ് പിറന്നു. മൊഹമ്മദ് മർഹൂ ബിൻ മുജീദ്, സന്ന മെഹ്‌റൈൻ എന്നിവർക്കാണ് കുഞ്ഞുണ്ടായത്. 3.750 കിലോഗ്രാം ആയിരുന്നു ഭാരം.
ഡിസംബർ രണ്ടിന് പുലർച്ചെ 12 മണിക്ക് ആദ്യ കുഞ്ഞ് ജനിച്ച ഇമറാത്തി ദമ്പതിമാരാണ് പോലീസ് ഉദ്യോഗസ്ഥനായ അഹമ്മദ് സുൽത്താനും ശൈഖ ഹംദ സൈഫ് ഖൽഫാൻ അബ്ദുല്ല അൽ നുഐമിയും. ഷാർജയിലെ ഒരു ആസ്പത്രിയിലാണ് ഇവർക്കൊരു പെൺകുഞ്ഞ് ജനിച്ചത്. പുലർച്ചെ 12.10-നാണ് അബുദാബിയിൽ ഈജിപ്ത്യൻ ദമ്പതികളായ അഹമ്മദ് ഖലീഫയ്ക്കും ജന്നത്തിനും പെൺകുഞ്ഞ് പിറന്നത്. പുലർച്ചെ ഒരു മണിയോടെയാണ് അബുദാബിയിൽ ഇമറാത്തി ദമ്പതിമാരായ അഹമ്മദ് അൽകജേ-അഫ്ര ഹസ്സനും കുഞ്ഞ് ഖലീഫ ജനിക്കുന്നത്.
റാസൽഖൈമയിലെ ഈജിപ്ഷ്യൻ ദമ്പതിമാരായ റാമി ഹസ്സൻ വാസ്ഫിയും നിഹാദ് യെഹിയയും അവരുടെ ആദ്യകുഞ്ഞിനെ സ്വാഗതം ചെയ്തത് ബുധനാഴ്ച രാവിലെ 8.26-നായിരുന്നു. ഇറാഖ് സ്വദേശിനി റാഷ എസ്. സൈദാൻ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത് രാവിലെ 8.38-നാണ്. അൽ ഐനിലെ മൊറോക്കൻ ദമ്പതിമാരായ റാച്ചിദ നൂറി-ഇഡ്രിസ് ബെൻ റമദാൻ എന്നിവർക്ക് രാവിലെ 9.26- നും കുഞ്ഞ് ജനിച്ചു. അബുദാബിയിലെ ദാനത്ത് അൽ ഇമറാത്ത് ആസ്പത്രിയിൽ ദേശീയദിനത്തിൽ 12 നവജാതശിശുക്കൾ പിറന്നു.