ദുബായ് : യു.എ.ഇ.യുടെ പ്രീമിയർലീഗ് ടി-20 (പി.എൽ.ടി. 20) അടുത്തവർഷം നടക്കുമെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി.) അറിയിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ടി-20 ക്രിക്കറ്റ് ടൂർണമെന്റിൽ ആറ് ടീമുകൾ പങ്കെടുക്കും. യു.എ.ഇ. സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രിയും ഇ.സി.ബി. ചെയർമാനുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനാണ് ലീഗിന് അനുമതി നൽകിയത്.

ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റായിരിക്കും ഇത്. യുവതാരങ്ങൾക്കും ഇതിലവസരം ലഭിക്കുമെന്ന് സെലക്‌ഷൻ കമ്മിറ്റി ചെയർമാൻ ഡോ. തായേബ് കമാലി പറഞ്ഞു.

പ്രഖ്യാപനത്തിന്റെ ഭാഗമായി പി.എൽ.ടി. 20 ടൂർണമെന്റ് ലോഗോയും അവതരിപ്പിച്ചു. യു.എ.ഇ. ദേശീയപതാകയുടെ നിറങ്ങളിൽ ചിറകുള്ള ഫാൽക്കൻ ആണ് ലോഗോയുടെ ആകർഷണം. യു.എ.ഇ.യുടെ കായികരംഗത്തിന് മാറ്റുകൂട്ടുന്ന ലോഗോയാണ് ഇതെന്ന് പി.എൽ.ടി. 20 ചെയർമാൻ ഖാലിദ് അൽ സറൂനി വ്യക്തമാക്കി. അതിനിടെ കോവിഡിനെത്തുടർന്ന് അനിശ്ചിതത്വത്തിലായ ക്രിക്കറ്റ് മാമാങ്കം ഐ.പി.എൽ. സെപ്റ്റംബർ 19-ന് യു.എ.ഇ.യിൽ പുനരാരംഭിക്കും. നവംബർ എട്ടിനായിരിക്കും ഫൈനൽ.