ദുബായ് : ‘ദി ഗോസ്റ്റ്’ എന്നറിയപ്പെട്ടിരുന്ന കുപ്രസിദ്ധ ലഹരിമരുന്ന് കള്ളക്കടത്ത് സംഘത്തലവൻ മൊഫൂദി ബൗച്ചിബി (39) ദുബായ് പോലീസിന്റെ പിടിയിലായി.

ഫ്രഞ്ച് പൗരനായ ഇയാളുടെ പ്രവർത്തനങ്ങൾ യൂറോപ്പ് കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്. കഴിഞ്ഞ പത്തുവർഷത്തോളമായി വ്യാജ തിരിച്ചറിയൽ രേഖകളുമായി ലോകത്തിന്റെ പലഭാഗങ്ങളിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ.

നിരവധി അന്തരാഷ്ട്ര ലഹരിമരുന്ന് കടത്ത് ഇടപാടുകൾ ഇയാളുടെ നേതൃത്വത്തിൽ നടന്നിരുന്നു. മൊഫൂദിയുടെ 20 വർഷംമുമ്പുള്ള ഒരു ഫോട്ടോ മാത്രമായിരുന്നു ഫ്രഞ്ച് ഏജൻസികളുടെ കൈവശം തെളിവിനായി ഉണ്ടായിരുന്നത്. ഇയാൾ ദുബായിലുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ ഒളിത്താവളം കണ്ടെത്തുകയും നിരീക്ഷണം ശക്തമാക്കുകയുമായിരുന്നു. തുടർന്ന് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടി നടത്തിയ ശ്രമങ്ങളിലാണ് ലഹരിമരുന്ന് സംഘത്തലവനെ അറസ്റ്റുചെയ്തത്.

ഇന്റർപോൾ നിർദേശപ്രകാരം ഫ്രഞ്ച് ആൻന്റി നർക്കോട്ടിക് ഏജൻസിയും ദുബായ് പോലീസും നടത്തിയ സംയുക്തമായ നീക്കത്തിലൂടെയാണ് ഇത് സാധ്യമായത്. ദുബായിൽ പേരും വേഷവും മാറി കഴിയുകയായിരുന്നു.

ഏഴുകോടി യൂറോ മൂല്യമുള്ള 60 ടൺ ലഹരിമരുന്ന് പ്രതിവർഷം യൂറോപ്പിൽനിന്ന് ആഗോളവിപണിയിൽ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. ഇതിന്റെ പ്രധാന ഏജന്റാണ് മൊഫൂദി. 2015 പിടിയിലായ ഇയാളെ 20 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. അന്തരാഷ്ട്ര സംവിധാനങ്ങളുമായി ചേർന്ന് ദുബായ് പോലീസ് ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ദുബായ് പോലീസ് ചീഫ് കമാൻഡർ െലഫ്റ്റനന്റ് കേണൽ അബ്ദുല്ല ഖലീഫ അൽ മരി അറിയിച്ചു. ദുബായ് പോലീസിന്റെ ശ്രമങ്ങളെ ഫ്രഞ്ച് ജുഡീഷ്യറി ഡയറക്ടർ ജെറോമി ബോണറ്റ് അഭിനന്ദിച്ചു.