അബുദാബി : ലഹരിമരുന്ന് ഉപയോക്താക്കൾക്ക് ചികിത്സയും പുനരധിവാസവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അബുദാബി പോലീസ് തുടക്കം കുറിച്ച സേവനപദ്ധതിയിൽ സഹായം ലഭിച്ചത് 270 പേർക്ക്. 2020-ൽ ആണ് പോലീസ് ഈ നവീനാശയത്തിന് തുടക്കം കുറിച്ചത്. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ആവശ്യമായ എല്ലാവരിലേക്കും സേവനവും ബോധവത്കരണവും എത്തിക്കുകയായിരുന്നു പ്രാരംഭഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത്.

ലഹരിയിൽനിന്നുള്ള മോചനത്തിന് സാധ്യമായ വഴികളെക്കുറിച്ച് വിശദമായി അറിയാൻ 40,000-ത്തിൽ അധികം കുടുംബങ്ങൾ ബന്ധപ്പെട്ടതായി പോലീസ് അറിയിച്ചു. മയക്കുമരുന്നിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും വ്യക്തി, കുടുംബം, സമൂഹം എന്നിവയെ ബാധിക്കുന്ന പ്രതികൂല അവസ്ഥകളെക്കുറിച്ചും അവബോധം വളർത്തുകയാണ് പ്രഥമഘട്ടത്തിലെ പ്രവർത്തനം. ഇതിന്റെഭാഗമായി യുവാക്കൾ, രക്ഷിതാക്കൾ, കുടുംബങ്ങൾ, പ്രാദേശിക സമൂഹം എന്നിവ ചേർത്ത് ഒരുമാസം നീണ്ടുനിന്ന സമഗ്ര ലഹരിവിരുദ്ധ കാമ്പയിൻ ആരംഭിച്ചതായും പോലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തെ ചെറുക്കുന്നതിന് കുടുംബങ്ങൾ, സമൂഹം, സ്ഥാപനങ്ങൾ എന്നിവ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഏറെ വലുതാണെന്ന് അബുദാബി പോലീസ് ലഹരിവിരുദ്ധ വിഭാഗം ഡയറക്ടർ കേണൽ തഹർ ഗാരിബ് അൽ ധഹേരി പറഞ്ഞു.