അബുദാബി : യു.എ.ഇയിൽ 2321 പേർ പുതുതായി കോവിഡ് മുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 2180 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. മൂന്നുപേർ മരിച്ചു. ആകെ മരണസംഖ്യ 1502 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ച 4,65,939 പേരിൽ 4,50,111 പേർ സുഖം പ്രാപിച്ചു.

ഇതിനകം 38 ദശലക്ഷം പരിശോധനകൾ രാജ്യത്ത് നടപ്പാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഫ്ലാറ്റുകളും മാളുകളും കേന്ദ്രീകരിച്ചുള്ള പരിശോധനകൾ അബുദാബിയിൽ സജീവമാണ്. സൗജന്യ പരിശോധകൾക്ക് ഒട്ടേറെപേരാണ് എത്തുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന സൗജന്യ പരിശോധനയുടെ ‘ലൊക്കേഷൻ’ പങ്കുവെക്കുന്നതിന് പ്രത്യേക ഓൺലൈൻ ഗ്രൂപ്പുകളും സജീവമാണ്. ഇതിലൂടെ സൗജന്യപരിശോധനാ വിവരങ്ങൾ ആളുകളിലേക്ക് എളുപ്പത്തിൽ എത്തുന്നതിനാൽ ആഴ്ചയിൽ പരിശോധന നടത്തേണ്ട വിവിധ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നവർക്ക് വലിയ ആശ്വാസമാണ്.

സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനയാണ് രേഖപ്പെടുത്തിയത്. 728 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 404 പേർ രോഗമുക്തരായി. ഇതുവരെ വൈറസ് സ്ഥിരീകരിച്ച 3,91,325 പേരിൽ 3,78,873 പേർ രോഗമുക്തരായി. 8 പേർ മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 6684 ആയി. 5768 പേരാണ് വിവിധ ആശുപത്രികളിൽ ചികത്സയിലുള്ളത്. ഇവരിൽ 735 പേരുടെ നില ഗുരുതരമാണ്. റിയാദ് 338, കിഴക്കൻ പ്രവിശ്യ 114, മക്ക 108, മദീന 44, വടക്കൻ അതിർത്തി മേഖല 30, ഹായിൽ 22, അസീർ 19, അൽ ഖസീം 18, തബൂക് 11, ജിസാൻ 10, നജ്‌റാൻ, അൽ ജൗഫ് എന്നിവിടങ്ങളിൽ 5 വീതം, അൽ ബാഹ 4 എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ വൈറസ് ബാധിതരുടെ നിരക്ക്.