മുംബൈ : മേയ് മുതൽ എണ്ണ ഉത്പാദനം വർധിപ്പിക്കാൻ എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിച്ചു. കുറഞ്ഞവിലയിൽ ഇന്ധനലഭ്യത ഉറപ്പുവരുത്താൻ പുതിയ അമേരിക്കൻ ഭരണകൂടം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സൗദി അറേബ്യ ഉൾപ്പെട്ട ഒപെക് രാജ്യങ്ങളുടെ കൂട്ടായ്മ എണ്ണ ഉത്പാദനത്തിലെ നിയന്ത്രണത്തിൽ ഇളവുവരുത്താൻ തീരുമാനിച്ച‌തെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ സൗദി ഇക്കാര്യം നിഷേധിച്ചു.

2020-ൽ എണ്ണവില കുത്തനെ കുറഞ്ഞതിനെത്തുടർന്നാണ് ഒപെക് രാജ്യങ്ങൾ ഉത്പാദനം വെട്ടിക്കുറച്ചത്. 2020 മേയിൽ ദിവസം 3.5 ലക്ഷം ബാരലിന്റെ ഉത്പാദനം കുറച്ചു. പിന്നീട് ജൂണിൽ മറ്റൊരു 3.5 ലക്ഷം ബാരലും ജൂലായിൽ നാലു ലക്ഷം ബാരലും കുറച്ചു. ഇതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഉയർന്നു. ജൂലായിയോടെ ദിവസം 11 ലക്ഷം ബാരലിന്റെ ഉത്പാദനം പുനഃസ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇറാൻ എണ്ണ മന്ത്രി ബിജാൻ സാംഗമനേ പറഞ്ഞു.