ദുബായ് : റംസാൻമാസത്തിന് മുന്നോടിയായി ഭക്ഷ്യ ഉത്പന്നങ്ങളുടെ പരിശോധന കർശനമാക്കി ദുബായ് മുനിസിപ്പാലിറ്റി. റംസാനിലെ ഭക്ഷ്യലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധരാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് യു.എ.ഇ.യിൽ ഇറക്കുമതി ചെയ്തിട്ടുള്ളത്. ഇവയുടേതടക്കം വിശദമായ പരിശോധനയാണ് മുനിസിപ്പാലിറ്റി നടത്തുന്നത്. ഇറക്കുമതി, ഗതാഗതം, സംഭരണം ഇവ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന രീതികൾ തുടങ്ങി എല്ലാ ഘട്ടങ്ങളിലെയും ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. മുനിസിപ്പാലിറ്റി വ്യത്യസ്തസംഘങ്ങളായി വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തുമെന്ന് പരിശോധനാ വിഭാഗം മേധാവി സുൽത്താൻ അലി അൽ താഹിർ പറഞ്ഞു.

പൊതുജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും സർക്കാർ ഉറപ്പാക്കുന്ന പരിരക്ഷയാണ് ഇതിലൂടെ വ്യക്തമാവുന്നത്. പ്രമുഖ ഭക്ഷണകേന്ദ്രങ്ങളുടെ അടുക്കളകളിലും ബേക്കറികളിലുമെല്ലാം പരിശോധന നടത്തും. കോവിഡ് വ്യവസ്ഥകൾ പാലിക്കാത്ത കേന്ദ്രങ്ങൾക്കും വ്യക്തികൾക്കുമെതിരേയും കർശന നടപടികൾ കൈക്കൊള്ളുമെന്നും അൽ താഹിർ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ഭക്ഷ്യസുരക്ഷാ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ വകുപ്പിൽ 800900 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.