ഷാർജ : പ്രവാസജീവിതത്തിൽ നൂറുകണക്കിന് കുട്ടികൾക്ക് അക്ഷരാഭ്യാസം പകർന്ന മധുരാനുഭവവുമായി അധ്യാപകദമ്പതിമാർ നാട്ടിലേക്ക് മടങ്ങുന്നു. കൊല്ലം തേവലക്കര സ്വദേശികളായ ടി.എസ്. അജിത്കുമാർ, ഭാര്യ ബിന്ദു മാവേലിൽ എന്നിവരാണ് നാടണയുന്നത്. ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ വൈസ് പ്രിൻസിപ്പലാണ് അജിത്കുമാർ. ബിന്ദു ഷാർജ ഔവർ ഓൺ ഇംഗ്ലീഷ് സ്കൂളിലെ (ഗേൾസ്) കൊമേഴ്‌സ് വിഭാഗം മേധാവിയുമാണ്. 33 വർഷത്തെ പ്രവാസജീവിതത്തിൽ 18 വർഷവും അജിത്കുമാർ ജോലിചെയ്തത് മധ്യപ്രദേശിലെ കിഡ്ഡീസ് കോർണർ ഗ്രൂപ്പ് ഓഫ് സ്കൂളിന് കീഴിലുള്ള രാംനാരായൻ ട്രസ്റ്റ് ഗ്വാളിയോർ സ്കൂളിലായിരുന്നു. പിന്നീടാണ് ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെത്തിയത്. കരുനാഗപ്പള്ളി എസ്.വി.ആർ. എൻ.എസ്.എസ്. ആർട്‌സ് കോളേജിൽ അധ്യാപികയായിരുന്നു ബിന്ദു. പിന്നീടാണ് മധ്യപ്രദേശിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കൻഡറി അധ്യാപികയായി ജോലിചെയ്തത്.

13 വർഷമായി ഷാർജയിലും ജോലിചെയ്താണ് നാട്ടിലേക്ക് മടങ്ങുന്നത്. 1993-ലായിരുന്നു ഇരുവരുടെയും വിവാഹം. പ്രവാസനാട്ടിൽ പ്രിയപ്പെട്ട വിദ്യാർഥികളോടും സഹപ്രവർത്തകരോടുമൊപ്പം ജീവിതംചെലവഴിച്ച നല്ലദിനങ്ങളുടെ ഓർമകളുമായാണ് ഇരുവരും മടങ്ങുന്നത്. കൊല്ലം ജില്ലാ ആശുപത്രിയിൽ പരിശീലനത്തിലുള്ള ഡോ.കൃഷ്ണൻ മകനാണ്. ഷാർജ മന്നം സാംസ്കാരിക സമിതി (മാനസ്) ഇരുവർക്കും യാത്രയയപ്പ് നൽകും.