അബുദാബി : പീഡാനുഭവ സ്മരണയിൽ യു.എ.ഇ.യിൽ ക്രൈസ്തവവിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു. വിവിധ ദേവാലയങ്ങളിൽ പുലർച്ചെ മുതൽ ആരംഭിച്ച ശുശ്രൂഷകൾ വൈകുന്നേരംവരെ നീണ്ടു. ഒരുനേരം മാത്രമായിരുന്നു വിശ്വാസിളുടെ ദുഃഖവെള്ളി ദിനത്തിലെ ഭക്ഷണം. കോവിഡ് വ്യവസ്ഥകൾ നിലനിൽക്കുന്നതിനാൽ ദേവാലയങ്ങളിൽ നേരിട്ടെത്തിയുള്ള ശുശ്രൂഷകൾക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു.

ഇടവകാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഓൺലൈൻ രജിസ്‌ട്രേഷൻ നടപ്പാക്കി വെവ്വേറെ സമയക്രമങ്ങളിലാണ് കുർബാനകളിൽ പങ്കെടുക്കാനുള്ള അനുമതി നൽനൽകിയത്. പകൽ സമയങ്ങളിലും വൈകിട്ടും രാത്രിയുമെല്ലാം നടക്കുന്ന പ്രാർത്ഥനകളിൽ തിരഞ്ഞെടുക്കപ്പെട്ടവർ ഭാഗമായി. ഭൂരിഭാഗം വിശ്വാസികളും താമസകേന്ദ്രങ്ങളിൽ തന്നെ ദുഃഖവെള്ളി ആചരിച്ചു. ശനിയാഴ്ച്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ നീളുന്ന പാതിരാ കുർബാനക്ക് ശേഷം അമ്പത് ദിനം നീണ്ട് നിന്ന വിശ്വാസികളുടെ വ്രതാനുഷ്ടാനങ്ങൾക്കും സമാപനമാവും.

അബുദാബി സെയ്ന്റ് പോൾസ് ദേവാലയത്തിലെ ദുഃഖവെള്ളി തിരുകർമങ്ങൾ ഫാ.വർഗീസ് കോഴിപാടന്റെ കാർമികത്വത്തിൽ നടന്നു. ദിവ്യബലിക്ക് ഇടയിൽ ഫാദർ പീഡാനുഭവ സന്ദേശം നൽകി. ഈ വർഷം ആദ്യമായി യേശുവിന്റെ തിരുസ്വരൂപത്തിന്റെ നഗരി കാണിക്കൽ ശുശ്രൂഷയോടു കൂടിയാണ് ദുഃഖവെള്ളി ചടങ്ങുകൾ അവസാനിച്ചത്. നാട്ടിൽ നിന്നുമെത്തിച്ച ക്രിസ്തുവിന്റെ ഒരാൾവലിപ്പമുള്ള രൂപമാണ് ചടങ്ങുകൾക്ക് ഉപയോഗിച്ചത്. ഒറ്റത്തടിയിൽ ആറുമാസത്തോളം സമയമെടുത്ത് നിർമിച്ചതാണിത്. ഇത്തരത്തിൽ യു.എ.ഇ.യിൽ ആദ്യമായി ഒരു കത്തോലിക്കാ ദേവാലയത്തിനുള്ളിൽ നടന്ന നഗരി കാണിക്കൽ ശുശ്രൂഷ വിശ്വാസികൾക്ക് വേറിട്ട ആത്മീയാനുഭവമായി.

ഷാർജയിലെ വിവിധ ദേവാലയങ്ങളിൽ നടന്ന ചടങ്ങുകളിൽ 200 മുതൽ 400 വിശ്വാസികൾ ഒരേസമയം ഭാഗമായി. ഷാർജ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ഫാ.ഫിലിപ്പ്. എം. സാമുവേർ കോർ എപ്പിസ്കോപ്പ ദുഃഖവെള്ളി ശുശ്രൂഷയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു. സഹവികാരി ഫാ. ജോയ്‌സൺ തോമസ് നേതൃത്വം നൽകി. പ്രഭാതനമസ്കാരത്തോടെ ശുശ്രൂഷകൾക്ക് തുടക്കമായി. ഉച്ചയ്ക്ക് ഒരുമണിയോടെ ചടങ്ങുകൾ അവസാനിച്ചു. കുരിശുകുമ്പിടൽ, നേർച്ചക്കഞ്ഞി വിതരണം എന്നിവയും ഉണ്ടായിരുന്നു. ഷാർജ സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയാർക്കൽ ദേവാലയത്തിൽ യേശുവിന്റെ പീഡാസഹനവും കുരിശേറ്റവും പ്രത്യേക പ്രാർഥനകളോടെ ആചരിച്ചു. ദുഃഖവെള്ളി ശുശ്രൂഷകൾ രാവിലെ ഏഴുമണിയോടെ ആരംഭിച്ചു. തുടർന്ന് യേശുവിന്റെ കുരിശുവഹിച്ചുകൊണ്ടുള്ള യാത്രയെ ഓർമിച്ചുകൊണ്ട് ഒന്നാം പ്രദക്ഷിണവും സ്ലീബാ വന്ദനവും നടന്നു. യേശുവിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള യാത്രയുടെ ഓർമയിൽ രണ്ടാം പ്രദക്ഷിണവും നടന്നു. ശുശ്രൂഷകൾക്ക് ഫാ. എബിൻ ബേബി ഊമേലിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ.ഏല്യാസ് മാത്യു സന്നിഹിതനായിരുന്നു.

സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ്‌ ദേവാലയത്തിൽ

അബുദാബി : സെയ്ന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ദുഃഖവെള്ളി ശുശ്രൂഷകൾക്ക് വികാരി റവ. ഫാദർ ബെന്നിമാത്യു നേതൃത്വം നൽകി. കോവിഡുകാലത്തെ മാനസിക സംഘർഷങ്ങളിൽ കഴിയുന്ന വിശ്വാസികൾക്ക് പരിമിതികൾക്കിടയിലും മുടക്കമില്ലാതെ ആരാധനകളിൽ സംബന്ധിക്കുവാൻ അവസരം നൽകിയ യു. എ.ഇ. ഭരണാധികാരികൾ, അബുദാബി സാമൂഹികവികസന വകുപ്പ് നടപടികൾ ശ്ലാഘനീയമാണെന്ന് ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ എന്നിവരറിയിച്ചു. ക്രമീകരണങ്ങൾക്ക് കത്തീഡ്രൽ ജോ.ട്രസ്റ്റി സജി തോമസ്, ജോ.സെക്രട്ടറി. ജോബി ജോർജ്, മാനേജിങ്‌ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.