അബുദാബി : നട്ടെല്ലിന് പരിക്കേറ്റയാൾക്ക് അബുദാബി പോലീസ് എയർ ആംബുലൻസ് സേവനം രക്ഷയായി. ഒമാൻ ഇബ്രി റീജണൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അറുപത്തിമൂന്നുകാരന് തുടർ ചികിത്സയ്ക്ക് അൽ ഐനിലേക്ക് വരാനാണ് പോലീസ് ആംബുലൻസ് തുണയായത്.

പരിക്ക് ഗുരുതരമായതിനാൽ റോഡുമാർഗം ഇത്രദൂരം സഞ്ചരിക്കുന്നതിന് പരിമിതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആകാശമാർഗമുള്ള യാത്രയെക്കുറിച്ച് പരിശോധിക്കുകയും നടപടികൾ കൈകൊള്ളുകയും ചെയ്തത്. ആശുപത്രിയിലേതിന് സമാനമായ എല്ലാ നൂതന സംവിധാനങ്ങളും ഉൾക്കൊള്ളുന്നതാണ് എയർ ആംബുലൻസ്. ഡോക്ടറുടെ സേവനവും ഇതിൽ ലഭ്യമാണ്. നിയമനിർവഹണത്തിന് പുറമെ സാമൂഹിക സേവനരംഗങ്ങളിലും പോലീസ് പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായാണിത്.