ദുബായ് : വംശനാശഭീഷണി നേരിടുന്ന ഹൗക്‌സ്ബിൽ ഇനത്തിൽപ്പെടുന്ന ആമകൾക്ക് കരുതലേകി ദുബായ്. ജെബെൽ അലി വെറ്റ്‌ലാൻഡ് സാങ്ച്വറിയിലാണ് ദുബായ് മുനിസിപ്പാലിറ്റി ഹൗക്‌സ്ബിൽ ആമകളുടെ 120 -ഓളം മുട്ടകൾ കണ്ടെത്തിയത്. മാർച്ച് മുതൽ ജൂൺ വരെയാണ് ഇവ മുട്ടയിട്ട് അടയിരിക്കുന്ന കാലം. അശാസ്ത്രീയമായ മത്സ്യബന്ധനവും സ്വാഭാവിക വാസസ്ഥലത്തിന്റെ തകർച്ചയുമാണ് ഇവയെ വംശനാശ ഭീഷണിയിലേക്ക് നയിക്കുന്നത്.

68 കിലോയോളം പരമാവധി ഭാരംവെക്കുന്ന ഇവ 45 ഇഞ്ച് വരെ വലിപ്പമുള്ളവയായിരിക്കും. ഹൃദയാകൃതിയിലുള്ള തോടും കൂർത്ത തലഭാഗവും ഇതിന്റെ പ്രത്യേകതയാണ്. അറ്റ്‌ലാന്റിക്, പസഫിക്, ഇന്ത്യൻമഹാസമുദ്രം എന്നിവിടങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരാറുള്ളത്. യു. എ.ഇ. കാലാവസ്ഥാവ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സമഗ്ര സംരക്ഷണപദ്ധതികളാണ് ഇപ്പോൾ നടക്കുന്നത്. 15-ഓളം സ്വാഭാവിക വാസകേന്ദ്രങ്ങളാണ് യു.എ.ഇ.യിൽ ആമകൾക്കായി ഉള്ളതെന്ന് മന്ത്രാലയം ജൈവവൈവിധ്യവിഭാഗം ആക്ടിങ് ഡയറക്ടർ ഹിബ അൽ സെഹി പറഞ്ഞു.