ദുബായ് : പ്രവാസത്തിലെ പ്രതീക്ഷകൾക്കിടയിലും കലാഹൃദയം മുറുകെപ്പിടിച്ചുജീവിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി സിജിൻ ഗോപിനാഥൻ എന്ന ചിത്രകാരന് ഈ ഗാന്ധിജയന്തിയും വ്യത്യസ്തമായി. രണ്ടാഴ്ച സമയമെടുത്ത് അബ്‌സ്ട്രാക്ട് പെയിന്റിങ്ങിൽ തീർത്ത ഗാന്ധിജിയുടെ ചിത്രം ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നൽകാനായതിന്റെ സന്തോഷത്തിലാണ് ഈ യുവചിത്രകാരൻ. കൂടാതെ, യു.എ.ഇ. ദേശീയദിനത്തോട് അനുബന്ധിച്ചുള്ള കലാപരിപാടികളിൽ പങ്കെടുക്കാനും തുടർച്ചയായി നടക്കുന്ന എക്‌സിബിഷനുകളിൽ ഭാഗമാകാനുള്ള കോൺസൽ ജനറൽ ഡോ. അമൻപുരിയുടെ പ്രത്യേക ക്ഷണവും സിജിന് ലഭിച്ചു. 2019- ലും കോൺസുലേറ്റിനായി ഗാന്ധിജിയുടെ ചിത്രം വരച്ചുനൽകിയിരുന്നു. ചിത്രകലാരംഗത്ത് കോൺസുലേറ്റിൽനിന്നും വലിയ പിന്തുണ ലഭിച്ചുവരുന്നതായി ഈ കലാകാരൻ പറഞ്ഞു.

ഏഴുവർഷംമുൻപ് പ്രവാസം തുടങ്ങിയ നാളുകളിലാണ് സിജിൻ വരയുടെ വഴിയെ എത്തിയത്. ഇതിനകം വരച്ച ചിത്രങ്ങളിലേറെയും യു.എ.ഇ.യും കടന്ന് അന്താരാഷ്ട്രതലത്തിൽവരെ ശ്രദ്ധിക്കപ്പെട്ടു. സ്ത്രീശാക്തീകരണം മുതൽ വ്യത്യസ്തതലങ്ങളിൽവരെ എണ്ണച്ചായത്തിലും ജലച്ചായത്തിലും അക്രിലിക്കിലും ഡൂഡിൽ എന്ന വ്യത്യസ്തമായ രചനാസങ്കേതത്തിലുമുള്ള ജീവസുറ്റ ചിത്രങ്ങളാണ് ദുബായ് അൽ നഹ്ദയിലെ ഫ്ളാറ്റിനുള്ളിലുള്ളത്.

ഡൂഡിൽ ആർട്ടിൽ ഉൾപ്പെടെ ചിത്രകലാമേഖലയിൽ നിരവധി പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനുള്ള ജന്മദിന ആശംസകൾ തുടങ്ങി ഒട്ടേറെ ചിത്രങ്ങളാണ് ഡൂഡിൽ ആർട്ടിൽ പൂർത്തിയാക്കിയത്.

കാലത്തിനനുസരിച്ച് ചിത്രകലയിൽ പരീക്ഷണങ്ങൾ നടത്തി വ്യത്യസ്തനാവാനാണ് ശ്രമം. അതുകൊണ്ടുതന്നെ മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത ഡൂഡിൽ ആർട്ട് ഗൾഫിൽ ഏറെ ശ്രദ്ധേയമായി. വേൾഡ് ആർട്ട് ദുബായ്, ദ് ഹോട്ടൽ ഷോ അടക്കം വിവിധ വേദികളിലും ദുബായ് മാൾ, ദി സിറ്റി വാക്കിലും ഡൂഡിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച് മലയാളികളുടെ അഭിമാനമായി. സിജിൻ നേതൃത്വം കൊടുക്കുന്ന ആർട്ടിസ്റ്റ് നെറ്റ്‌വർക്ക് എന്ന ഗ്രൂപ്പും ഇപ്പോൾ സജീവമാണ്.

കൂടാതെ കുട്ടികൾക്ക് സൗജന്യമായി ചിത്രകല അഭ്യസിപ്പിക്കുന്നുമുണ്ട്. ദുബായിൽ ഒരു സോഫ്റ്റ്‌വേർ ഡെവലപ്‌മെന്റ് കമ്പനിയിൽ വെബ് മൊബൈൽ ആപ്പ് ഡെവലപ്പറായ സിജിൻ ഒക്ടോബർ 10-ന് ലോക മാനസികാരോഗ്യദിനത്തോട് അനുബന്ധിച്ച് ഒരു വെർച്വൽ ചിത്രപ്രദർശനത്തിനുള്ള തയ്യാറെടുപ്പിലാണ്.

ദുബായ് അൽ ദിയഫ സ്കൂളിൽ ടീച്ചറായ ഭാര്യ ശ്രീദേവിയും മകൾ നാലുവയസ്സുകാരി നോറയും ചിത്രകലയെ ഇഷ്ടപ്പെടുന്നവർതന്നെ.