ദുബായ് : വ്യാജ എമിറേറ്റ്‌സ് ഐ.ഡി നിർമിച്ച് ഉപയോഗിച്ച പ്രവാസി ദുബായിൽ അറസ്റ്റിലായി.

മൻഖൂൾ പ്രദേശത്തെ ഒരു കൺസ്ട്രക്ഷൻ സൈറ്റിലെ ഓഫീസിൽ പ്രവേശിക്കാനാണ് 31 വയസ്സുള്ള യുവാവ് സുരക്ഷാ ജീവനക്കാരന് വ്യാജ എമിറേറ്റ്‌സ് ഐ.ഡി കാണിച്ചത്.

യുവാവ് ഉൾപ്പെടെ ആറുപേർകൂടി സംഘത്തിലുണ്ടായിരുന്നു. മറ്റുള്ളവരുടെ തിരിച്ചറിയൽരേഖയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ല.

എന്നാൽ, പ്രതിയുടെ ഐ.ഡിയുടെ നിറത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വ്യാജമെന്ന് കണ്ടെത്തിയത്.

തുടർന്ന് സുരക്ഷാജീവനക്കാരൻ പോലീസിൽ അറിയിക്കുകയായിരുന്നു. ഇൻവെസ്റ്റിഗേഷൻ വകുപ്പെത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

യു.എ.ഇയിൽ താമസിക്കാനും തൊഴിൽ കണ്ടെത്താനും വ്യാജ ഐ.ഡി ഉപയോഗിച്ചതായി യുവാവ് സമ്മതിച്ചു. തുടർനടപടികൾക്കായി പ്രതിയെ പ്രോസിക്യൂഷന് കൈമാറി. ഇയാൾക്കെതിരെ ക്രിമിനൽ കോടതിയിൽ നിയമനടപടി പുരോഗമിക്കുകയാണ്.