അബുദാബി : എമിറേറ്റിലെ പൊതുറോഡിൽ 205 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ച് വൈറലാവാൻ ശ്രമിച്ച രണ്ടു യുവാക്കൾക്ക് തടവും പിഴയും.

അതിവേഗത്തിൽ വാഹനമോടിച്ച വീഡിയോ സാമൂഹികമാധ്യമങ്ങളിലിട്ട് വൈറലാവാനായിരുന്നു ശ്രമം. എന്നാൽ, വാഹനമോടിച്ചയാൾക്കും വീഡിയോ എടുത്തയാൾക്കും ഒരുലക്ഷം ദിർഹം പിഴയും തടവും കോടതി ചുമത്തി.

ആറുമാസത്തേക്കാണ് തടവ്. സംഭവത്തിൽ ഉപയോഗിച്ച കാറും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഡ്രൈവിങ് ലൈസൻസ് ആറു മാസത്തേക്ക് റദ്ദാക്കുകയും ചെയ്തു. ആറുമാസത്തേക്ക് ഇരുവർക്കും സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കാനാവില്ല. വീഡിയോ ഡിലീറ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു.

അബുദാബിയിലെ പ്രധാന റോഡിൽ മണിക്കൂറിൽ 205 കിലോമീറ്റർ വേഗത്തിൽ ഒരാൾ ആഡംബര വാഹനമോടിക്കുന്നതായും മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്നവിധത്തിൽ സ്റ്റഡുകളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്ന വീഡിയോയാണ് ഓൺലൈനിൽ പ്രചരിച്ചിരുന്നത്.

യുവാക്കൾ കാണിക്കുന്ന ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ വലിയ അപകടങ്ങളുണ്ടാക്കുമെന്ന് അബുദാബി പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.