ഭിമുഖീകരിക്കുന്നവരുടെയും സംബോധിതരുടെയും മനസ്സിൽ സ്വാധീനമുണ്ടാക്കാനും അന്യരെപ്പോലും സഹൃദയരാക്കാനും സാധിക്കുന്ന ഘടകമാണ് പുഞ്ചിരി. ഭൂമിയിൽ ചിരിക്കാൻ കഴിവുള്ള ഏക ജീവിയാണ് മനുഷ്യൻ. ഏതു പ്രക്ഷുബ്ധ സാഹചര്യത്തിലും മറ്റുള്ളവരുടെ മാനസികനിലയിൽ മാറ്റമുണ്ടാക്കാൻ പുഞ്ചിരിയിലൂടെ മനുഷ്യന് സാധിക്കുന്നു.

നിന്റെ സഹോദരനോടുള്ള മന്ദഹാസം ധർമമാണെന്ന് പ്രവാചകൻ പഠിപ്പിച്ചു. പുഞ്ചിരിയിലൂടെ സ്വശരീരത്തിനും സമൂഹത്തിനും നമുക്ക് ധർമം ചെയ്യാനാകും. മറ്റുള്ളവരുടെ സ്നേഹം കൈയിലാക്കാനുള്ള പോംവഴി കൂടിയാണത്. ഒരു നന്മയും നിസ്സാരമായി കാണരുത്; നിന്റെ സഹോദരനെ മന്ദസ്മിതനായി അഭിമുഖീകരിക്കുന്നതുപോലും എന്നാണ് തിരുനബി (സ) പഠിപ്പിച്ചത്.

പരുഷരും കഠിനഹൃദയക്കാരുമായിരുന്ന അറബികൾക്കിടയിൽ തൂമന്ദഹാസത്തിലൂടെ വിപ്ലവങ്ങളുണ്ടാക്കാനും അവരെ നേരിന്റെ പാതയിൽ വഴി നടത്താനും മുഹമ്മദ് നബി(സ)യ്ക്ക് സാധിച്ചു. ഏതു സാഹചര്യത്തെയും പ്രസന്നതയോടെ സമീപിക്കുക എന്നതായിരുന്നു നബിയുടെ ശൈലി. അത് അനുചരർക്ക് ആനന്ദദായകവുമായിരുന്നു. ജരീറുബ്‌നു അബ്ദില്ല പറയുന്നു: ‘‘ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം പ്രവാചകനെ കാണാൻ ആഗ്രഹിച്ചപ്പോഴെല്ലാം എനിക്കതിന് അനുവാദം ലഭിച്ചിട്ടുണ്ട്. പുഞ്ചിരിക്കുന്ന മുഖത്തോടെയല്ലാതെ പ്രവാചകനെ ഞാൻ കണ്ടിട്ടില്ല’’(മുസ്‌ലിം).

പ്രവാചകന്റെ സേവകനും സഹസഞ്ചാരിയുമായിരുന്ന അനസ്ബ്‌നു മാലിക് ഓർക്കുന്നു: ‘‘ഞാനും തിരുനബിയും ഒരു വഴിയിലൂടെ നടന്നുകൊണ്ടിരിക്കുകയായിരുന്നു. കട്ടിയുള്ളൊരു പുതപ്പ് നബി തോളിലിട്ടിട്ടുണ്ട്. പെട്ടെന്നൊരാൾ പിറകിലൂടെ വന്ന് ആ പുതപ്പ് ശക്തിയായി വലിച്ചു. നിരക്ഷരനായൊരു ഗ്രാമീണ അറബിയായിരുന്നു അയാൾ. വലിയുടെ ആഘാതത്തിൽ ശരീരത്തിൽ പാടു വീണു. അയാൾ നബിയോടായി പരുഷഭാവത്തോടെ പറഞ്ഞു: ‘മുഹമ്മദ്... അല്ലാഹു താങ്കളുടെ പക്കലേൽപ്പിച്ച സമ്പത്തിൽനിന്നു കുറച്ച് എനിക്കു വേണം.’ നബി ഒന്നും പ്രതികരിച്ചില്ല. ശരീരം വേദനിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി പുഞ്ചിരിക്കുകയും തന്റെ കൈവശമുള്ളതിൽനിന്ന് അയാൾക്ക് കൊടുക്കുകയും ചെയ്തു.’’

ദൈവം വരദാനമായി നൽകിയ പുഞ്ചിരിയിൽപ്പോലും ലുബ്ധത കാണിക്കുന്നവരുണ്ട്. ഒന്നു ചിരിച്ചാൽ തന്റെ വ്യക്തിത്വവും ഗൗരവവും ഇല്ലാതായിപ്പോകുമോ എന്ന ആധിയാണ് ഇതിനു കാരണം. എന്നാൽ, മനമറിഞ്ഞും അകംനിറഞ്ഞും ചിരിക്കണമെന്നും വിനയാന്വിതനായി ജീവിക്കണമെന്നുമാണ് ഇസ്‌ലാമിക പാഠം. ആത്മാർഥത ഒട്ടുമില്ലാതെ പുഞ്ചിരിയുടെ ബാഹ്യഭാവങ്ങൾ മുഖത്ത് കാണിക്കുന്നവരുമുണ്ട്. തങ്ങളുടെ സ്വാർഥതാത്‌പര്യങ്ങളുടെ പൂരണത്തിനുവേണ്ടി മാത്രം അതിനെ ഉപയോഗിക്കുന്നവരാണവർ. നിറപുഞ്ചിരിയുമായി നിന്നെ സമീപിക്കുന്നവരെല്ലാം യഥാർഥ സുഹൃത്തുക്കളാവണമെന്നില്ലെന്നും ആവശ്യഘട്ടത്തിൽ നിന്നെ ചേർത്തുനിർത്തുന്നവർ മാത്രമാണ് ആത്മമിത്രങ്ങളെന്നും അർഥംവരുന്ന അറബികാവ്യം പ്രസിദ്ധമാണ്.

സ്നേഹത്തിന്റെ ശരീരഭാഷയാണ് പുഞ്ചിരി. ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും ഹൃദയങ്ങൾ തമ്മിൽ ചേർത്തുനിർത്തുന്നതിനുമുള്ള ബലിഷ്ഠമായ പാശം കൂടിയാണത്. അതിരുകളില്ലാത്ത സ്നേഹപ്രകടനങ്ങൾക്കും നിഷ്‌കളങ്കമായ സംവേദനങ്ങൾക്കും വേണ്ടത് ഹൃദയം നിറഞ്ഞുള്ള മന്ദഹാസങ്ങളാണ്.