ദുബായ് : ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായിൽ പുതിയ കേന്ദ്രം ആരംഭിച്ചു. ‘ഫുഡ് ടെക് വാലി’ എന്ന പേരിലുള്ള പുതിയ വികസനപദ്ധതി ആരംഭിച്ചതായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അറിയിച്ചു. കാർഷിക സാങ്കേതികവിദ്യകൾ, ഭക്ഷ്യസുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പുതിയ വികസന പദ്ധതികൾ ശൈഖ് മുഹമ്മദ് പരിശോധിച്ചു.

സാധാരണഗതിയിൽ പ്രതിവർഷം 10,000 കോടി കവിയുന്ന ഭക്ഷ്യവ്യാപാരമാണ് യു.എ.ഇ.യുടെത്. രാജ്യം ആഗോള ഭക്ഷ്യ ലോജിസ്റ്റിക് കേന്ദ്രമാണ്. പുതിയ കാർഷികസാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും ഭാവിയിലെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനും അഗ്രിക്കൾച്ചറൽ ബിസിനസ്സുകൾ പരിപോഷിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനായും പ്രവർത്തിക്കുമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

ചില പ്രത്യേക നഗരങ്ങളിൽ ദുബായിയെ മുൻനിരയിലെത്തിക്കാനുള്ള ഏറ്റവുംപുതിയ നീക്കമാണ് ഫുഡ് ടെക്‌നോളജി വാലി. ഇതിലൂടെ കാർഷിക ഭക്ഷ്യമേഖലകളിൽ ആഗോള ബ്രാൻഡുകളെ ആകർഷിക്കാനാവും. പദ്ധതിയിൽ ഒരു ഗവേഷണകേന്ദ്രം, കോർപ്പറേറ്റ് ആസ്ഥാനം, ലോജിസ്റ്റിക് സ്റ്റോറുകൾ, ജല കൃഷിമേഖലകൾ എന്നിവ ഉൾപ്പെടും.

2020-ൽ 5200 കോടിയുടെ ഭക്ഷ്യവ്യാപാരം

കോവിഡ് മഹാമാരിക്കിടയിലും ഉപഭോഗം സ്ഥിരമായ വളർച്ച രേഖപ്പെടുത്തിയതിനാൽ 2020-ൽ ദുബായിലെ ഭക്ഷ്യവ്യാപാരം മൊത്തം 5200 കോടി ദിർഹമായിരുന്നു. ഭക്ഷ്യവ്യാപാരത്തിൽ 3470 കോടി ദിർഹം ഇറക്കുമതിയും കയറ്റുമതിയും പുനർകയറ്റുമതിയും യഥാക്രമം 1000 കോടി, 730 കോടി ദിർഹം എന്നിങ്ങനെയായിരുന്നു. ഇതിൽ 1.25 കോടി ടൺ ഇറക്കുമതിയും 31 ലക്ഷംടൺ കയറ്റുമതിയും 13 ലക്ഷം ടൺ പുനർകയറ്റുമതിയും കഴിഞ്ഞവർഷം നടന്നു.

നിലവിലെ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന് ദുബായ് കസ്റ്റംസ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മാനേജർ നാസിം അൽ മെഹൈരി പറഞ്ഞു.