ഷാർജ : വോട്ടെണ്ണൽ ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ കൂട്ടാനും കിഴിക്കാനും നേരമില്ലെന്ന് പ്രവാസലോകം. എങ്കിലും കൃത്യമായ രാഷ്ട്രീയമുള്ള ഭൂരിഭാഗം അണികളും പുറംനാട്ടിലാണെങ്കിലും അതാത് മുന്നണിക്കുതന്നെ ജയം ഉറപ്പിക്കുന്നു. എന്നാൽ രഹസ്യമായി പാർട്ടികളുടെ ‘കുറ്റവും കുറവും’ തുറന്നുപറയാനും മടിക്കുന്നില്ല. തുടർഭരണം പ്രവചിക്കുന്നവർ വിജയത്തിന് കാരണം ക്യാപ്റ്റനായ പിണറായിക്കുതന്നെയാണ് നൽകുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മികച്ച പ്രവർത്തനമാണ് യു.ഡി.എഫിന് ഭരണം തിരിച്ചുകിട്ടുമെന്ന് പ്രവചിക്കുന്നവർ ഒന്നടങ്കം കാരണംപറയുന്നത്. കിറ്റും പെൻഷനും സമൂഹ അടുക്കളയുമെല്ലാം ഭരണനേട്ടമായി എൽ.ഡി.എഫ്. അനുഭാവികൾ പറയുമ്പോൾ പ്രവാസികൾക്കെന്ത് നൽകിയെന്നാണ് യു.ഡി.എഫ്., എൻ.ഡി.എ. അനുകൂലികൾ തിരിച്ചുചോദിക്കുന്നത്. പ്രവാസി പെൻഷൻ വർധനവും മറ്റും എൽ.ഡി.എഫുകാർ ആവർത്തിക്കുന്നുണ്ട്. കോവിഡ് ദുരിതകാലത്ത് നാടണയാൻപോലും സൗകര്യം ചെയ്തുതന്നില്ലല്ലോ എന്നാണ് എതിർമുന്നണികളുടെ മറുവാദം. ഏതായാലും ഈ ഫലം വളരെ നിർണായകമെന്നതിന് എതിരഭിപ്രായമില്ല.

ഭരണത്തുടർച്ചയെങ്കിൽ കേരളത്തിൽ ഇടതുപക്ഷം ചരിത്രം കുറിയ്ക്കും. ഭരണമാറ്റമെങ്കിൽ ഭരണക്കാർക്കുള്ള ജനങ്ങളുടെ മറുപടിയായത് കണക്കുകൂട്ടുകയും ചെയ്യാം. അതിനിടയിൽ കേരളത്തിൽ വോട്ടുശതമാനം കൂട്ടി നിർണായക ശക്തിയാകുമെന്ന ബി.ജെ.പി. നേതൃത്വത്തിലുള്ള പ്രവാസത്തിലെ എൻ.ഡി.എ. അനുഭാവികളും പ്രതീക്ഷയിലാണ്. ഇടത് അനുഭാവികൾ എക്സിറ്റ്‌പോൾ സർവേകളിൽ വിശ്വാസമർപ്പിക്കുമ്പോൾ ‘അതിൽ കാര്യമില്ലെന്നാണ്’ ഐക്യജനാധിപത്യ മുന്നണിക്കാരുടെ പക്ഷം.

ഇടതിന് ഭരണത്തുടർച്ചയെങ്കിൽ കേരളം ബംഗാൾ ആകുമെന്ന് കരുതുന്നവരും കുറവല്ല. അങ്ങിനെയെങ്കിൽ ലീഗ് അടക്കമുള്ള പാർട്ടികൾ ഇടതിനൊപ്പം ചേരുന്ന കാലവും വിദൂരമല്ലെന്നാണ് നിഷ്പക്ഷരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ യു.ഡി.എഫിന് പിന്നെ തിരിഞ്ഞുനോക്കേണ്ടതില്ലെന്നാണ് അഭിപ്രായം. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം തുടർഭരണം അനിവാര്യവും ജീവന്മരണ പോരാട്ടത്തിന്റെ ഫലവുമാണ്.

തുടർച്ചലഭിച്ചില്ലെങ്കിൽ അത് പിണറായിയുടെ പോരായ്മായാകും. ലഭിച്ചാൽ ക്യാപ്റ്റന്റെ നേട്ടവുമാകും. ഭരണം തിരിച്ചുകിട്ടിയാൽ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഒരേപോലെ അർഹരെന്നാണ് ഭൂരിഭാഗം കോൺഗ്രസ് പ്രവർത്തകരും പറയുന്നത്.

വോട്ടുചെയ്യാൻ പോയ പ്രവർത്തകർ കൂടുതലും നാട്ടിൽനിന്നും തിരിച്ചെത്തിയിട്ടില്ല, ‘രണ്ടാലൊന്ന്’ അറിഞ്ഞ് തിരിച്ചുവരാനിരിക്കുമ്പോഴാണ് യു.എ.ഇ.യിൽ മേയ് 14-വരെ പ്രവേശനവിലക്കും നിലവിൽവന്നത്. ഫലം വരുന്ന ഞായറാഴ്ച ലഡു വിതരണത്തിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുന്നണിയുടെ പ്രവർത്തകരും തീരുമാനിച്ചിട്ടുണ്ട്. ഏതുനിറത്തിലുള്ള ലഡുവായിരിക്കും വിതരണമെന്നേ ഇനി കണ്ടറിയാനുള്ളു. ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും ശേഷം വിജയപ്രതീക്ഷയുടെയും പോസ്റ്റുകൾ പങ്കുവെക്കുന്ന തിരക്കിലായിരുന്നു പ്രവാസികളായ അണികളും.

യു.ഡി.എഫിന് ഭരണം കിട്ടും

(പുന്നക്കൻ മുഹമ്മദാലി-കോൺഗ്രസ്) :കേരളത്തിൽ ഫലം നിർണായകമെങ്കിലും ഭരണം യു.ഡി.എഫിന് ഉറപ്പാണ്. പക്ഷെ ജയിക്കുന്നവർക്ക് 1000 വോട്ടുകൾക്ക് താഴെയായിരിക്കും ഭൂരിപക്ഷം. അത്രയും കടുത്ത മത്സരമാണ് മുന്നണികൾ കാഴ്ചവെച്ചത്. എക്സിറ്റ് പോൾ സർവേ കാര്യമാക്കുന്നില്ല. 45 എം.എൽ.എ.മാർ നിലവിൽ യു.ഡി.എഫിനുണ്ട് , അതിന്റെ കൂടെ 30 സീറ്റുകൾ കൂടി നേടിയാൽ ഭരണമുറപ്പായി. മുന്നണികളുടെ സ്ഥാനാർഥികളെല്ലാം കാര്യമായി അധ്വാനിച്ചിട്ടുണ്ട്, അതിനാൽ മത്സരങ്ങളും കടുത്തതായി. എൻ.ഡി.എ.യ്ക്ക് ഒരുസീറ്റ് കിട്ടാൻ സാധ്യതയുണ്ട്.