ദുബായ് : ആദ്യ ഇമിറാത്തി വനിതാ കാർ മെക്കാനിക്കിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് അബുദാബി കിരീടാവകാശിയും യു.എ.ഇ/ സായുധസേന ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യു.എ.ഇയിലെ ആദ്യ ഇമിറാത്തി വനിതാ കാർ മെക്കാനിക്ക് ഹുദ അൽ മത്രൂഷിയാണ് ശൈഖ് മുഹമ്മദിന്റെ ആശംസകൾക്ക് അർഹയായി എല്ലാ സ്ത്രീകൾക്കും അഭിമാനമായത്.

ഫോൺ വിളിക്കാൻ വൈകിയതിന് ക്ഷമചോദിച്ചുകൊണ്ടാണ് അബുദാബി കിരീടാവകാശി സംസാരം തുടങ്ങിയത്. തന്റെ വാഹനം ശരിയാക്കാനുണ്ടെന്ന് ശൈഖ് മുഹമ്മദ് തമാശ പറഞ്ഞപ്പോൾ ഹുദ ചിരിച്ചു. ഈ രാജ്യത്ത് ഇങ്ങനെയുള്ള സ്ത്രീകളുണ്ടെന്ന കാര്യത്തിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹുദയ്ക്ക് എല്ലാവിധ പ്രോത്സാഹനവും പിന്തുണയും വാഗ്ദാനം ചെയ്തു. കൂടാതെ ഇരുവരും പരസ്പരം റംസാൻ ആശംസകളും കൈമാറി.

വാഹനങ്ങളോടുള്ള ഇഷ്ടമാണ് 36 വയസ്സുള്ള ഹുദയെ മെക്കാനിക്ക് മേഖല തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. 16 വർഷത്തെ സ്വപ്നം സഫലമാക്കാനെന്നപോലെ കഴിഞ്ഞ വർഷമാണ് ഹുദ കാറുകളുടെ ലോകത്തെക്ക് ഇറങ്ങിയത്. ഷാർജയിൽ ഇവർക്ക് സ്വന്തമായൊരു വർക്ക്‌ഷോപ്പുമുണ്ട്.