ദുബായ് : സർക്കാർസേവനങ്ങൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് കൊണ്ടുവരുന്ന പദ്ധതി അതിവേഗം മുന്നേറുന്നതായി സ്മാർട്ട് ദുബായ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ യൂനസ് അൽ നാസർ. ദുബായ് സർക്കാരിന്റെ ഡിജിറ്റൽ പരിവർത്തനത്തിലെ ഒരു പ്രധാന നാഴികക്കല്ലാണിത്.

മാത്രമല്ല ദുബായിയെ ഭൂമിയിലെ ഏറ്റവും മികച്ചതും സന്തോഷകരവുമായ നഗരമാക്കിമാറ്റാനുള്ള ശ്രമത്തിലെ പ്രധാന ഘടകമാണിത്. ഈവർഷം ഡിസംബർ 12-നകം എല്ലാ സർക്കാർ സ്ഥാപനങ്ങളും പൂർണമായും കടലാസ് രഹിതമാകും. ഇതിനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചുകഴിഞ്ഞതായും അൽനാസർ വ്യക്തമാക്കി. ഈ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാ സ്ഥാപനങ്ങളെയും സ്മാർട്ട് ദുബായ് ഗവൺമെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് സി.ഇ.ഒ വെസം ലൂത്ത അഭിനന്ദിച്ചു. ഇതിലൂടെ മണിക്കൂറുകളുടെ അധ്വാനം ഒഴിവാക്കാം. ചെലവ് കുറയ്ക്കുകവഴി ജനങ്ങൾക്കിടയിൽ സന്തോഷം വർധിപ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ 12-ന് ശേഷം കടലാസ് രേഖകളില്ല

കടലാസ് രേഖകളില്ലാതെ പൂർണമായും ഡിജിറ്റൽ രീതിയിലേക്ക് മാറുന്ന ലോകത്തെ ആദ്യസർക്കാർ ദുബായിൽ. ഈവർഷം ഡിസംബർ 12-ന് ശേഷം ദുബായിലെ ഒരു സർക്കാർ സ്ഥാപനവും കടലാസ് രേഖകൾ നൽകില്ല. സ്മാർട്ട് ദുബായ് പേപ്പർലെസ് സ്ട്രാറ്റജിയുടെ ഭാഗമായാണിത്. പദ്ധതി നടപ്പാക്കുന്ന സർക്കാർ സ്ഥാപനങ്ങളിൽ കടലാസ് ഉപയോഗം 82.82 ശതമാനം കുറയുന്നതോടെ 26.98 കോടി കടലാസ് ഷീറ്റുകൾ ലാഭിക്കാം.

ദുബായിലെ ചില വലിയ സ്ഥാപനങ്ങൾ 2020 ഡിസംബറോടെ കടലാസ് ഉപയോഗം 83.86 ശതമാനം കുറച്ചിരുന്നു.

ഇത് 23.20 കോടി പേപ്പർ ഷീറ്റുകൾ ലാഭിച്ചു. ഇടത്തരം സ്ഥാപനങ്ങൾ അവരുടെ കടലാസ് ഉപഭോഗം 76.23 ശതമാനം കുറച്ചുകൊണ്ട് 1.06 കോടി പേപ്പർ ഷീറ്റുകളാണ് ലാഭിച്ചത്. ചെറിയ സ്ഥാപനങ്ങൾ 77.3 ശതമാനം പേപ്പർ ഉപയോഗം കുറച്ച് 2.7 കോടി കടലാസ് ലാഭിച്ചു. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ), ദുബായ് മുനിസിപ്പാലിറ്റി, ദുബായ് സ്പോർട്‌സ് കൗൺസിൽ, സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ എന്നിവ ഇതിനകം 100 ശതമാനം ഡിജിറ്റലായി.

ദീവ ഒരുവർഷം 2.2 കോടി പേപ്പറുകളാണ് ഉപയോഗിച്ചിരുന്നത്. മുനിസിപ്പാലിറ്റി 2.9 കോടിയും സ്പോർട്‌സ് കൗൺസിൽ 408,623, സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ ഒരു ലക്ഷത്തിലേറെയും കടലാസ് രേഖകളാണ് ഉപയോഗിച്ചിരുന്നത്. ആ സംവിധാനമാണ് പൂർണമായും മാറിയത്.