ദുബായ് : സാമൂഹികമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പിനെതിരേ ബോധവത്കരണവുമായി ദുബായ് പോലീസ്. ഗാർഹിക തൊഴിലാളികളെ അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുസംഘത്തിന്റെ പ്രവർത്തനം. ഇത്തരത്തിൽ 14 കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടതായി റാഷിദിയ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സായിദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക് അറിയിച്ചു.

ഗാർഹിക തൊഴിലാളികളെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് 9000 മുതൽ 13,000 ദിർഹം ഫീസ് നിരക്കിൽ എത്തിക്കുമെന്ന തരത്തിലാണ് സംഘം പ്രവർത്തിക്കുന്നത്. കോവിഡിനെത്തുടർന്ന് തൊഴിലാളി നിയമനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യം പരമാവധി മുതലെടുക്കുകയായിരുന്നു സംഘം. ഇത്തരം വാഗ്ദാനങ്ങൾ വിശ്വസിക്കുന്നവരിൽനിന്ന് ലക്ഷങ്ങളാണ് കോവിഡ് തുടങ്ങിയതുമുതൽ സംഘം നേടിയത്. ചതിക്കുഴികളിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ ഉടൻ വിവരമറിയിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.