അബുദാബി : കവയിത്രി സുഗതകുമാരിടീച്ചർക്ക് ആദരമർപ്പിച്ചുകൊണ്ട് മലയാളംമിഷൻ അബുദാബി - അൽഐൻ മേഖലകൾ സംഘടിപ്പിച്ച കാവ്യാലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു. സീനിയർവിഭാഗത്തിൽ അഞ്ജലി വെത്തൂരും ജൂനിയർവിഭാഗത്തിൽ ലിയാന മുംതാസും ഒന്നാം സമ്മാനാർഹരായി. ഭവൻസ് സ്കൂളിൽ ആറാംക്ലാസിൽ പഠിക്കുന്ന അഞ്ജലി അബുദാബി മലയാളിസമാജത്തിന്റെ കീഴിൽ നടന്നുവരുന്ന മലയാളംമിഷന്റെ സൂര്യകാന്തി വിദ്യാർഥിനിയും, അൽഐൻ ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസുകാരിയായ ലിയാന അൽ ഐൻ ഇന്ത്യ സോഷ്യൽ സെന്ററിന്റെ കീഴിലെ മലയാളം മിഷന്റെ കണിക്കൊന്ന വിദ്യാർഥിനിയുമാണ്.

സീനിയർവിഭാഗത്തിൽ ഗൗരി ജ്യോതിലാൽ (കേരള സോഷ്യൽ സെന്റർ), അരുന്ധതി ശിവകുമാർ (മദീന സായിദ്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ മാളവിക മാടമ്പി (കേരള സോഷ്യൽ സെന്റർ), നിരുപമ അരവിന്ദ് (മുസഫ ഷാബിയ 09) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. മിഷന്റെ 55 സെന്ററുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 106 വിദ്യാർഥികൾ പങ്കെടുത്ത മേഖലാതല മത്സരത്തിൽ വിജയികളായ 32 പേരാണ് അന്തർമേഖലമത്സരത്തിൽ മാറ്റുരച്ചത്. പ്രസ്തുത മത്സരത്തിൽനിന്ന് ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് അന്താരാഷ്ട്രമത്സരത്തിൽ പങ്കെടുക്കുക.

മലയാളംമിഷൻ അബുദാബി കൺവീനർ വി.പി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ നടന്ന കാവ്യാലാപന മത്സരം പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരിയെ അനുസ്മരിച്ചുകൊണ്ടാണ് ആരംഭിച്ചത്. അനുശോചന പ്രമേയം ജോ. കൺവീനർ ജിനി സുജിൽ അവതരിപ്പിച്ചു. കവിയും മാധ്യമപ്രവർത്തകനുമായ എൻ. പ്രഭാവർമ ഉദ്ഘാടനം ചെയ്തു. മലയാളംമിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് മുഖ്യാതിഥിയായി. മിഷൻ അബുദാബി മേഖലാ കോ-ഓർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി, അൽ ദഫ്‌റ മേഖല കോ-ഓർഡിനേറ്റർ പ്രേംഷാജ്, അൽഐൻ മേഖലാ കോ-ഓർഡിനേറ്റർ റസിയ ഇഫ്തിഖർ എന്നിവർ സംസാരിച്ചു.